ബംഗളുരു: കര്‍ണാടകയില്‍ കന്നഡ സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് നാളെ. തമിഴ്നാടിന് കാവേരി നദീജലം വിട്ടുനല്‍കാന്‍ കാവേരി ജലനിയന്ത്രണ കമ്മിറ്റി (സി.ഡബ്ല്യൂ.ആർ.സി) വീണ്ടും ഉത്തരവിട്ടതോടെയാണ് ബന്ദ് നടത്താന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ബന്ദ്.
കന്നഡ സംഘടന നേതാവും മുന്‍ എംഎല്‍എയുമായ വാട്ടാള്‍ നാഗരാജാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ആശുപത്രി, ആംബുലന്‍സ് തുടങ്ങിയ അവശ്യ സര്‍വീസുകള്‍ ഒഴികെ എല്ലാ സേവനങ്ങളും തടസ്സപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കര്‍ഷകരും സമരത്തിന്റെ ഭാഗമാകുമെന്നും നാഗരാജ് കൂട്ടിച്ചേര്‍ത്തു. രണ്ടായിരത്തിലേറെ കന്നഡ അനുകൂല സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ദ് ദിവസം തങ്ങളുടെ സംഘടനയില്‍ അംഗങ്ങളായ സ്‌കൂളുകള്‍ അടച്ചിടുമെന്ന് നേരത്തെ അസോസിയേറ്റഡ് മാനേജ്‌മെന്റ്‌സ് ഓഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍സ് ഇന്‍ കര്‍ണാടക(കെഎഎംഎസ്) ജനറല്‍ സെക്രട്ടറി ശശികുമാറും അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് പിന്‍വലിച്ചു. ബന്ദിനെ പിന്തുണയ്ക്കുന്നതായി ആദര്‍ശ ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയനും പ്രഖ്യാപിച്ചു. മറ്റു ഓട്ടോ അസോസിയേഷനുകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ഇന്നു മുതല്‍ 15 ദിവസം 12,000 ക്യുസെക്‌സ് വീതം കാവേരി നദീജലം തമിഴ്നാടിന് വിട്ടുനല്‍കാനാണ് ചൊവ്വാഴ്ച സി.ഡബ്ല്യു.ആര്‍.സി ഉത്തരവിട്ടത്. ദിവസം 3500 ക്യുസെക്‌സ് ജലം വിട്ടുകൊടുക്കാന്‍ സി.ഡബ്ല്യു.ആര്‍.സി കഴിഞ്ഞ മാസം 28ന് ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് കന്നഡ സംഘടനകള്‍ ബംഗളൂരുവില്‍ സംയുക്ത യോഗം ചേര്‍ന്ന് കര്‍ണാടക ബന്ദിന് ആഹ്വാനം ചെയ്തത്.