ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ കൗൺസലിങ്ങിന്റെ ആദ്യ റൗണ്ട് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ജനറൽ വിഭാഗത്തിൽ 22,342 നീറ്റ് റാങ്ക് വരെയുള്ള വിദ്യാർത്ഥികൾക്ക് ആദ്യ റൗണ്ടിൽ എംബിബിഎസ് സീറ്റ് ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റായ https://mcc.nic.in വഴി ഫലം പരിശോധിക്കാം. പ്രവേശന നടപടികൾ ഇങ്ങനെ ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായവർ 'ഫ്രീസ്' ഓപ്ഷൻ നൽകി ഓഗസ്റ്റ് 31ന് മുൻപായി ബന്ധപ്പെട്ട കോളേജിൽ നേരിട്ടെത്തി പ്രവേശനം നേടണം.
നിലവിൽ ലഭിച്ച കോളേജിൽ തൃപ്തിയില്ലാത്തവരും ഉയർന്ന ചോയ്സുകൾക്കായി അടുത്ത അലോട്ട്മെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും 'ഫ്ലോട്ട്' ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. ഇവർ കോളേജുകളിൽ നേരിട്ട് ചെല്ലേണ്ടതില്ലെങ്കിലും ആവശ്യമായ രേഖകൾ ഓഗസ്റ്റ് 31ന് മുൻപായി പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഫ്രീസ് ഓപ്ഷൻ നൽകിയവർ കോളേജിൽ നേരിട്ടെത്തിയും, ഫ്ലോട്ട് ഓപ്ഷൻ നൽകിയവർ ഓൺലൈനായും 'സീറ്റ് റസിഗ്നേഷൻ' നൽകേണ്ടതാണ്.
അതേസമയം, ആദ്യ റൗണ്ടിൽ സീറ്റ് ലഭിക്കാത്തവർ നിലവിൽ പ്രത്യേകം നടപടികളൊന്നും ചെയ്യേണ്ടതില്ല. അടുത്ത അലോട്ട്മെന്റുകളുടെ ഷെഡ്യൂൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും. അഖിലേന്ത്യാ അലോട്ട്മെന്റിൽ പങ്കെടുത്തു സീറ്റ് ലഭിച്ചവർക്ക് സംസ്ഥാന കൗൺസലിങ്ങിലൂടെ സീറ്റ് ലഭിക്കുകയാണെങ്കിൽ അഖിലേന്ത്യാ കോട്ട സീറ്റ് ഉപേക്ഷിക്കാൻ സാധിക്കും.
അവസാന റാങ്കുകൾ.
• ജനറൽ ഓപ്പൺ (MBBS): 22,342.
• ജനറൽ ഓപ്പൺ (BDS): 41,017.
• AIIMS (ജനറൽ വിഭാഗം അവസാന റാങ്ക്): 3,810
വിവിധ കോട്ടകളിലും വിഭാഗങ്ങളിലുമായി ആകെ 29,946 പേർക്കാണ് ആദ്യ റൗണ്ടിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളത്.
മുൻനിര കോളേജുകൾ.
ആദ്യ റാങ്കുകാർ ഇത്തവണയും കൂടുതൽ മുൻഗണന നൽകിയിരിക്കുന്നത് ഡൽഹി എയിംസിനാണ് (AIIMS). ജിപ്മർ പുതുച്ചേരി, മൗലാനാ ആസാദ് ഡൽഹി, വിഎച്ച്എംസി ആൻഡ് സഫ്ദർജങ് ഡൽഹി എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ ഉള്ളത്. കേരളത്തിൽ ഉയർന്ന റാങ്കുകാർ ഏറ്റവും കൂടുതൽ മുൻഗണന നൽകിയത് തിരുവനന്തപുരം മെഡിക്കൽ കോളേജിനാണ്.