കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടി. 10 കിലോഗ്രാം കഞ്ചാവുമായി ഒരു അന്യ സംസ്ഥാനക്കാരൻ ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഒറീസ സ്വദേശിയും ലഹരി മൊത്ത വില്‍പ്പനക്കാരനുമായ സിദ്ധാന്ത് സാബര്‍ (28), പള്ളിക്കല്‍ ഉണ്യാല്‍പറമ്പ് അമ്പാടംകുഴി സലീം (53), പള്ളിക്കല്‍ ബസാര്‍ കരുവീട്ടില്‍ മുസ്തഫ (47) എന്നിവരാണ് പിടിയിലായത്.
ഒഡിഷയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വിപണനം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒറീസയില്‍ നിന്ന് രഹസ്യമായി എത്തിച്ച 10 കിലോഗ്രാം കഞ്ചാവ് സിദ്ധാന്ത് സാബര്‍ സലീമിനും മുസ്തഫക്കും കൈമാറുന്നതിനിടെ കരിപ്പൂര്‍ ന്യൂമാന്‍ ജങ്ഷനില്‍ വെച്ചാണ് പിടിക്കപ്പെട്ടത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം എക്സൈസ് എന്‍ഫോഴ്സ്‌മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മൂന്നംഗ സംഘം പിടിയിലായത്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖിൻ്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്. പിടിയിലായ സലിം ആന്ധ്രാപ്രദേശിലെ പാലാസ റെയില്‍വേ സ്റ്റേഷനിൽ നിന്ന് 100 കിലോഗ്രാം കഞ്ചാവുമായി 2024 മെയ് മാസം പിടിക്കപ്പെട്ടിരുന്നു. 2004 നവംബറില്‍ തന്നെ 40 കിലോഗ്രാം കഞ്ചാവ് കടത്തിയതിന് തമിഴ്നാട്ടിലെ ചെന്നൈ ഗുമിനിചൂണ്ടി പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്.