തിരുവനന്തപുരം: ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്ക് ന്യൂനപക്ഷക്ഷേമ വകുപ്പ് 'ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി'യില്‍ ധനസഹായം. ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്ളോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിറ്റേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകൾക്ക് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് പരമാവധി 50,000 രൂപ വരെയാണ് സഹായം നൽകുന്നത്. ഇത് തിരിച്ചടക്കേണ്ടതില്ല.
അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 സ്‌ക്വയര്‍ ഫീറ്റിൽ കൂടാൻ പാടില്ല. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബിപിഎല്‍ കുടുംബം, അപേക്ഷകയ്ക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള/മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല.
നിര്‍ദ്ദിഷ്ട ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള 2026-27 വര്‍ഷത്തെ ഭൂനികുതി അടച്ച രസീത്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം. വീട് റിപ്പയര്‍ ചെയ്യേണ്ടതിനും വീടിന്റെ വിസ്തീര്‍ണം തെളിയിക്കുന്നതിനും മറ്റു വകുപ്പുകളില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകയ്ക്ക് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനോ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനില്‍ നിന്നുള്ള സാക്ഷ്യപത്രവും ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 10നകം അനുബന്ധ രേഖകള്‍ സഹിതം അതാത് ജില്ലാ കലക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തില്‍ അതാത് ജില്ലാ കലക്ടറേറ്റിലേക്ക് തപാല്‍ മുഖേനയോ അപേക്ഷിക്കാം. അപേക്ഷാ ഫോം www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 2300523, 24, 2302090. ഇ-മെയില്‍: director.mwd@gmail.com.