കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം വൻ തീപിടിത്തം. പമ്പിനോട് ചേർന്നുള്ള ആക്രിക്കടയുടെ മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്ന ഭാഗത്ത് നിന്നും പെട്ടെന്ന് തീ പടർന്നു പിടിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ മൂലം തൊട്ടടുത്തുള്ള പെട്രോൾ പമ്പിലേക്ക് തീ പടരാതെ വൻ ദുരന്തം ഒഴിവാക്കാനായി.
തീപിടിത്ത വിവരമറിഞ്ഞ് മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഉടൻ തന്നെ രണ്ടു യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി തീ പൂർണ്ണമായും അണച്ചു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളാണ് ദുരന്ത വ്യാപ്തി കുറച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.