Trending

മന്ത്രിയുടെ വാക്ക് നടപ്പായില്ല; കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും രോഗികൾ നിലത്ത്.


കോഴിക്കോട്: രോഗികളെ ആശുപത്രികളിൽ നിലത്തുകിടത്തില്ലെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വാക്ക് വീണ്ടും വെറും വാക്കായി. പനി അടക്കമുള്ള അസുഖങ്ങളുമായി എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിലത്തു കിടക്കുന്ന രോഗികളുടെ എണ്ണവും കൂടി. മൂന്ന്, അഞ്ച്, ഒൻപത് വാർഡുകളുടെ പുറത്തുള്ള വരാന്തകളിലാണ് രോഗികളെ കിടത്തിയിരിക്കുന്നത്. മെഡിക്കൽ കോളേജിലുള്ള സൗകര്യങ്ങളിൽ ഉൾക്കൊള്ളാവുന്നതിലും അധികം രോഗികളാണ് പനി പടരാൻ തുടങ്ങിയതോടെ എത്തുന്നത്.

പനിക്ക് പുറമേ ഡെങ്കി, മഞ്ഞപ്പിത്തം, എലിപ്പനി, എച്ച്-1 എൻ-1 എന്നീ രോഗങ്ങളുമായും ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നുണ്ട്. ഇൻഫ്‌ളുവൻസയും ന്യൂമോണിയയും റിപ്പോർട്ട് ചെയ്യുന്നതും കൂടിവരുകയാണ്. ഇതിനു പുറമെ ശ്വസന സംബന്ധമായ പ്രശ്‌നങ്ങളുമായി, കോവിഡിന് സമാനമായ ലക്ഷണങ്ങളോടെയുള്ള പനിയുമായും ഒട്ടേറെപ്പേരെ അഡ്മിറ്റ് ചെയ്യുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

ഇതിൽ ഗുരുതരാവസ്ഥയിൽ ഐ.സി.യു.വിലും മറ്റും പ്രവേശിപ്പിക്കുന്നവർക്കുമാത്രമാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്. ഇപ്പോൾ വരുന്ന പല പനികളും മുമ്പ് കോവിഡ് വന്നപ്പോഴും മറ്റും ഉണ്ടായതുപോലെ, പ്രായമായവരെയും മറ്റു അസുഖങ്ങളുള്ളവരെയും ഗുരുതരമായി ബാധിക്കുന്നതായും വിദഗ്ധർ പറയുന്നു. ഹൃദയത്തിനും മറ്റും നേരത്തേ തകരാറുള്ളവരിൽ പനിവരുന്നതോടെ ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന സ്ഥിതിയാണ്.

ഇങ്ങനെ ഗുരുതരപ്രശ്‌നങ്ങളുള്ള രോഗികളെ മാത്രമാണ് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുന്നത്. എന്നിട്ടും എല്ലാ വാർഡുകളും നിറഞ്ഞ സ്ഥിതിയാണ്. പഴയ അത്യാഹിത വിഭാഗത്തിലും ഒഴിവുള്ള മറ്റ് യൂണിറ്റുകളുടെ വാർഡുകളിലുമെല്ലാം പ്രവേശിപ്പിച്ചാണ് ഒരുവിധം എല്ലാ രോഗികൾക്കും ബെഡ് ഉറപ്പാക്കിവരുന്നത്. എന്നാൽ, എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് കൂടുതൽ രോഗികൾ എത്തുന്നതോടെ കുറേപ്പേരെയെങ്കിലും ഇപ്പോഴും നിലത്തു കിടത്തേണ്ടി വരുകയാണെന്ന് അധികൃതർ പറയുന്നു.

കൂടുതൽ ഗുരുതരമായ പ്രശ്‌നങ്ങളുള്ള രോഗികൾ എത്തുമ്പോൾ താരതമ്യേന പ്രശ്‌നം കുറവുള്ളവരെ നിലത്തേക്കു മാറ്റിയും മറ്റുമാണ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നത്. രോഗം കുറഞ്ഞവരെ തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കോ, ബീച്ച് ആശുപത്രിയിലേക്കോ മാറ്റിയും തിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. തിങ്കളാഴ്ച മാത്രം 245 പേരെ മെഡിക്കൽ കോളേജിൽ കിടത്തിച്ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്നാണ് കണക്ക്. ഈ മാസം ശരാശരി 260 പേരെയാണ് ഒരു ദിവസം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്.

Post a Comment

Previous Post Next Post