Trending

എൽപിജിയും എൽഎൻജിയും സംഭരിക്കാൻ കേന്ദ്രത്തിന്റെ നീക്കം; പാചകവാതകത്തിന് പുതിയ സെസ് വന്നേക്കും.

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. ക്രൂഡ് ഓയിൽ സംഭരണം കൂടാതെ പാചകവാതകവും പ്രകൃതിവാതകവും സംഭരിക്കാനുള്ള പുതിയ നീക്കം കേന്ദ്ര സർക്കാർ നടത്തുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ധന റിസർവ് പദ്ധതിക്കായി പണം കണ്ടെത്താൻ എൽപിജി, എൽഎൻജി ഉപഭോക്താക്കളിൽ നിന്ന് അധിക സെസ്സ് ഈടാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ട്.

തന്ത്രപരമായ കരുതൽ ശേഖരം പദ്ധതിക്ക് ഏകദേശം 42 ബില്യൺ ഡോളർ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ പകുതി തുക സംഭരണ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനും ബാക്കിയുള്ളവ കരുതൽ ശേഖരം നിറയ്ക്കുന്നതിനും വേണ്ടിയാകും വേണ്ടിവരിക. നിലവിൽ ക്രൂഡോയിൽ മാത്രമാണ് ഇന്ത്യ സംഭരിച്ചുവെക്കുന്നത്. എന്നാൽ, പുതിയ പദ്ധതിയിലൂടെ ചരിത്രത്തിലാദ്യമായി എൽപിജി, എൽഎൻജി എന്നിവയും സംഭരിക്കുമെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്.

ഏകദേശം രണ്ടുമാസത്തെ രാജ്യത്തിന്റെ ആവശ്യത്തിനുള്ള എൽഎൻജി സംഭരണവും ആറു ആഴ്ചത്തെ എൽപിജി സംഭരണവുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളിൽ നിന്ന് സെസ്സായി എൽപിജി കിലോഗ്രാമിന് 1.29 രൂപയും പ്രകൃതി വാതകത്തിന് ക്യൂബിക് മീറ്ററിന് 1.43 രൂപയും ഈടാക്കാനാണ് പെട്രോളിയം മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച് ഗാർഹിക പാചകവാതകത്തിന് ഒരു സിലിണ്ടറിന് 18 രൂപയിലിധികം വില ഉയർന്നേക്കാം.

സംഭരണ കേന്ദ്രങ്ങളുടെ നിർമ്മാണത്തിനായി വർഷത്തിൽ ഏകദേശം 1.5 ബില്യൺ ഡോളർ ഇത്തരത്തിൽ സംഭരിക്കാനാകുമെന്നാണ് പെട്രോളിയം മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഈ അധിക നികുതി എങ്ങനെ ശേഖരിക്കുമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. പ്രകൃതി വാതകം, പാചകവാതകം എന്നിവയുടെ സംഭരണ സൗകര്യങ്ങൾക്കാണ് പ്രധാനമായും ഈ തുക ഉപയോഗിക്കുക. അതേസമയം, അസംസ്‌കൃത വസ്തുക്കളുടെയും ഇന്ധനങ്ങളുടെയും തന്ത്രപരമായ സംഭരണത്തിനുള്ള ധനസഹായം കേന്ദ്ര സർക്കാർ തന്നെ തുടർന്നും നൽകുമെന്നും മന്ത്രാലയ വൃത്തങ്ങൾ പറയുന്നു.

Post a Comment

Previous Post Next Post