തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ ബുധനാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പെൻഷൻ ഒരു മാസവും മുടങ്ങില്ലെന്നും ജീവനക്കാർക്ക് ബോണസും അഡ്വാൻസും നൽകാൻ തുക അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്ഷേമപെൻഷൻ വിതരണത്തിനായി 1105 കോടി രൂപ അനുവദിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും, 20,000 രൂപ ഓണം അഡ്വാൻസും നൽകും. ആശാ പ്രവർത്തകർക്കും അങ്കണവാടി പ്രവർത്തകർക്കും 1450 രൂപ വീതം ഓണത്തോട് അനുബന്ധിച്ചുള്ള സഹായമായി അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പിന്നാക്ക വിഭാഗക്കാർക്കുള്ള പെൻഷൻ കുടിശ്ശിക ഉൾപ്പെടെയുള്ള തുക വിതരണം ചെയ്യും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കുടിശ്ശികയും അനുവദിച്ചിട്ടുണ്ട്. സപ്ലൈകോയ്ക്ക് 53 കോടി രൂപ അനുവദിക്കാനും തീരുമാനമായി. തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണക്കാലത്ത് സഹായം ലഭിക്കും. ഓരോ തൊഴിലാളിക്കും 1200 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അങ്കണവാടി ജീവനക്കാരുടെ കുടിശ്ശിക തീർക്കുന്നതിനായി 34 കോടി രൂപ അനുവദിച്ചു. പാചക തൊഴിലാളികൾക്ക് പുതുക്കിയ നിരക്കിലുള്ള തുക ഉൾപ്പെടെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.