Trending

നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരിച്ചു.


നടുവണ്ണൂർ: നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരിച്ചു. നടുവണ്ണൂർ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജുവിൻ്റെയും റീനയുടെയും ഇളയ മകളായ ഇതൾ (6) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം.

കഴിഞ്ഞ ശനിയാഴ്ചയാണ് പനി കടുത്തതിനെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവൻ രക്ഷിക്കാനായി ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാവുന്തറ എ.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇതൾ. നടുവണ്ണൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ശിവാനിയാണ് ഏക സഹോദരി.

പഠനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും ഒരുപോലെ മികവ് പുലർത്തിയിരുന്ന ഇതളിന്റെ അപ്രതീക്ഷിത വേർപാടിൽ പകച്ചുനിൽക്കുകയാണ് അധ്യാപകരും സഹപാഠികളും. ആദരസൂചകമായി കാവുന്തറ എഎൽപി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. മൃതദേഹം ഇന്ന് രാവിലെ 10.30 ഓടെ കാവുന്തറയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

Post a Comment

Previous Post Next Post