Trending

ചളിക്കുളമായി പറമ്പിൻ്റെമുകൾ-മൊടക്കല്ലൂർ റോഡ്; ദുരിതത്തിലായി യാത്രക്കാർ.


ബാലുശ്ശേരി: പൊട്ടിപ്പൊളിഞ്ഞ് ചളിക്കുളമായി മാറിയ പറമ്പിൻ്റെമുകൾ-മൊടക്കല്ലൂർ ബൈപ്പാസ് റോഡിൽ കാൽനട യാത്രക്കാർക്ക് മാറിനിൽക്കാൻ പോലും ഇടമില്ല. വാഹനങ്ങൾ വളരെ പണിപ്പെട്ടാണ് കടന്നുപോകുന്നത്. പറമ്പിൻ്റെമുകൾ മുതൽ കൂനഞ്ചേരി വരെയുള്ള ഭാഗമാണ് പൂർണമായും തകർന്നിരിക്കുന്നത്. ബാലുശ്ശേരി ഭാഗത്തു നിന്നും മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലേക്ക് രോഗികളുമായി ധാരാളം വാഹനങ്ങൾ ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്.

ഈ റോഡിലൂടെ പറമ്പിൻ്റെമുകളിൽ നിന്ന്‌ ഏറെദൂരം സഞ്ചരിക്കാതെ എളുപ്പത്തിൽ മൊടക്കല്ലൂർ മെഡിക്കൽ കോളേജിൽ എത്താൻ കഴിയും. അതുകൊണ്ട് കൂടുതൽ യാത്രക്കാരും ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. റോഡ് തകർന്ന് കുണ്ടും കുഴിയുമായതോടെ രോഗികളെ ആംബുലൻസിൽ പോലും ഈ വഴി കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്.

വേനൽക്കാലത്ത് പൊട്ടിപ്പൊളിഞ്ഞ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കാത്തതാണ് ഇപ്പോഴത്തെ ദുരിതത്തിനു കാരണം. മൊടക്കല്ലൂർ, കൂനഞ്ചേരി തുടങ്ങിയ ഭാഗങ്ങളിൽ നിന്നും കോക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളും ഏറെ പണിപ്പെട്ടാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. റോഡ് ഗതാഗതയോഗ്യമാക്കി മാറ്റണമെന്ന് നിരന്തരമായി പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും ഫലം കണ്ടിട്ടില്ല.

Post a Comment

Previous Post Next Post