Trending

കാത്തിരിപ്പ് തുടങ്ങിയിട്ട് പതിറ്റാണ്ടിലേറെയായി; വേണം ബാലുശ്ശേരിക്ക് അഗ്നിരക്ഷാനിലയം.


ബാലുശ്ശേരി: ഒരു പതിറ്റാണ്ടിലേറെയായി ബാലുശ്ശേരിക്കാർ അഗ്നിരക്ഷാനിലയത്തിനായി കാത്തിരിക്കുന്നു. മലയോര മേഖലയുടെ പ്രത്യേകതകളും നിരന്തരമുണ്ടാകുന്ന തീപ്പിടിത്തവും അപകടങ്ങളും പരിഗണിച്ചാൽ, ഫയർസ്റ്റേഷൻ ഇവിടെ അത്യാവശ്യമാണ്. ബാലുശ്ശേരിയിലും പരിസര പ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളിലും അപകടങ്ങളിലും പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്താൻ അഗ്നിരക്ഷാനിലയം അനിവാര്യമാണ്.

കക്കയം ജലവൈദ്യുതപദ്ധതി, കെഎസ്ഐഡിസിയുടെ വ്യവസായ കേന്ദ്രങ്ങളുള്ള കിനാലൂർ, ഉഷാ സ്കൂൾ, ഒട്ടേറെ വലുതും ചെറുതുമായ സ്ഥാപനങ്ങൾ, കൂടാതെ ബാലുശ്ശേരി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എയിംസ്, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ജനസാന്ദ്രത കൂടിയ മേഖലകളിൽ സ്ഥിരമായുണ്ടാകുന്ന അപകടങ്ങളും എല്ലാം തന്നെ പരിഗണിക്കുമ്പോൾ സ്വന്തമായി അഗ്നിരക്ഷാനിലയം ബാലുശ്ശേരിക്ക് നിർബന്ധമായും വേണ്ടതാണ്.

നിലവിൽ ബാലുശ്ശേരിയിൽ അപകടങ്ങളുണ്ടാവുമ്പോൾ അഗ്നിരക്ഷാസേന എത്തുന്നത് നരിക്കുനി, പേരാമ്പ്ര, മുക്കം, കൊയിലാണ്ടി എന്നീ നിലയങ്ങളിൽ നിന്നാണ്. ഇതിൽ പേരാമ്പ്രയിലേക്ക് 18 കിലോമീറ്ററും, നരിക്കുനിയിലേക്ക് 10 കിലോമീറ്ററും, മുക്കത്തേക്ക് 28 കിലോമീറ്ററും, കൊയിലാണ്ടിയിലേക്ക് 16 കിലോമീറ്ററുമാണ് ദൂരം. മഴക്കാലത്ത് മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി ശക്തമാണ്.

പുഴകൾ കരകവിഞ്ഞൊഴുകി ഉണ്ണികുളം മേഖലയിൽ നാശനഷ്ടങ്ങളുണ്ടാകുന്നത് പതിവാണ്. വേനൽച്ചൂടിൽ കിനാലൂർ, കാന്തലാട് മേഖലകളിൽ തീപടരുന്നതും സ്ഥിരം സംഭവമാണ്. കിനാലൂർ മേഖലയ്ക്കകത്ത് പ്ലാന്റേഷൻ ഏരിയകൾ കൂടുതലാണ്. പ്ലാന്റേഷനകത്ത് ഒട്ടേറെത്തവണ തീപ്പിടിത്തമുണ്ടായിട്ടുണ്ട്. ഉഷാ സ്കൂളിൻ്റെ സിന്തറ്റിക് ട്രാക്കിന്റെ സമീപത്തായും പലതവണ വേനലിൽ തീപ്പിടിത്തമുണ്ടായിട്ടുണ്ട്. പല സമയങ്ങളിലും തീപ്പിടിത്തവും മറ്റു ആപത്തുകൾ ഉണ്ടാവുമ്പോൾ ദൂരെ നിന്ന് ഫയർസർവീസ് എത്തുമ്പോഴേക്കും എല്ലാം കത്തിത്തീർന്ന് പോകാറുണ്ട്. ബന്ധപ്പെട്ട അധികാരികൾ ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post