കോഴിക്കോട്: സംസ്ഥാനത്ത് പോത്തിറച്ചിക്ക് പിന്നാലെ കോഴിയിറച്ചി വിലയും കുതിച്ചുയരുന്നു. കോഴിക്കോട് വിപണിയിൽ ഒരു കിലോ കോഴിയിറച്ചിയുടെ വില 240-250 രൂപയായി ഉയർന്നു. ലൈവ് കോഴി കിലോയ്ക്ക് 164- 170 രൂപയാണ് നിലവിലെ നിരക്ക്. കോഴിമുട്ടയുടെ വിലയും 8.50 രൂപയായി കുതിച്ചുയർന്നു. കോഴിത്തീറ്റയുടെ വിലയിലുണ്ടായ വൻ വർദ്ധനവാണ് ഇറച്ചിവില ഉയരാൻ പ്രധാന കാരണം. 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റക്ക് 500 രൂപ വർദ്ധിച്ച് 1,850 രൂപയായി. മുൻപ് ഇത് 1,350 രൂപയായിരുന്നു.
തീറ്റ നിർമ്മാണത്തിനാവശ്യമായ ചോളം, സോയാബീൻ, ഗോതമ്പ്, ഉണക്കമീൻ എന്നിവയുടെ കടുത്ത ദൗർലഭ്യമാണ് തീറ്റവില കുത്തനെ കൂടാൻ ഇടയാക്കിയത്. ചോളവും മറ്റ് ധാന്യങ്ങളും വൻതോതിൽ എഥനോൾ നിർമ്മാണത്തിനായി ഉപയോഗിക്കുന്നതാണ് വിപണിയിൽ ക്ഷാമമുണ്ടാക്കുന്നതെന്ന് ആരോപണമുണ്ട്. കൂടാതെ മഴ കുറഞ്ഞത് മൂലമുള്ള ഉൽപ്പാദനക്കുറവും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
സംസ്ഥാനത്ത് 30 ലക്ഷം കിലോ കോഴിയിറച്ചിയും 2 കോടി മുട്ടയുമാണ് പ്രതിദിന ഉപഭോഗം. ഇതിൽ 70 ശതമാനം കോഴിയും 80 ശതമാനം മുട്ടയും തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. ഉത്പാദനത്തിലെ കുറവ് മുതലെടുത്ത് വൻകിട ഫാമുകൾ വില കുത്തനെ കൂട്ടുന്നതായും ആക്ഷേപമുണ്ട്.
സാധാരണഗതിയിൽ കർക്കിടക മാസത്തിൽ ഇറച്ചി വിപണിയിൽ വില കുറയുകയാണ് പതിവെങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. കടുത്ത വിലക്കയറ്റം മൂലം കച്ചവടം പകുതിയായി കുറഞ്ഞതായി കോഴിക്കോട് മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു. പ്രതിദിനം 3,000 കിലോ കോഴിയിറച്ചി വിറ്റിരുന്നിടത്ത് ഇപ്പോൾ വിൽപ്പന 1500 കിലോയായി ഇടിഞ്ഞു. ഹോട്ടലുകളും കാറ്ററിങ് സ്ഥാപനങ്ങളും ഇറച്ചി വാങ്ങുന്നത് വൻതോതിൽ ചുരുക്കിയിരിക്കുകയാണ്.
അതേസമയം, അന്യസംസ്ഥാനങ്ങളിൽ നിന്ന് കന്നുകാലികളെ എത്തിക്കുന്നതിലെ നിയന്ത്രണം കാരണം പോത്തിറച്ചി വിലയും താങ്ങാനാവാത്ത വിധം തുടരുന്നു. ഈസ്റ്റർ സമയത്ത് കിലോയ്ക്ക് 500 രൂപയായിരുന്ന പോത്തിറച്ചി വില ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.