Trending

യാഷ്‌വാൻ്റെ മടക്കം അഞ്ചുപേർക്ക് പുതുജീവനേകി; വൃക്ക റോഡുമാർഗ്ഗം കോഴിക്കോട് എത്തിച്ചു.


കോഴിക്കോട്: മസ്തിഷ്കമരണം സംഭവിച്ച ഏഴു വയസ്സുകാരൻ യാഷ്‌വാൻ്റെ വൃക്ക തിരുവനന്തപുരത്ത് നിന്നും റോഡുമാർഗ്ഗം കോഴിക്കോടെത്തി. തിരുവനന്തപുരത്ത് നിന്നും രാവിലെ 11 മണിക്ക് പുറപ്പെട്ട ആംബുലൻസ് വൈകീട്ട് അഞ്ചോടെ കോഴിക്കോട് ഇക്റഅ് ആശുപത്രയിലെത്തി. കണ്ണൂർ സ്വദേശിയായ 17കാരനാണ് വൃക്ക സ്വീകരിക്കുന്നത്. സമയബന്ധിതമായി അവയവം എത്തിക്കുന്നതിനായി യാത്രയിലുടനീളം പോലീസ് പ്രത്യേക 'ഗ്രീൻ കോറിഡോർ' സൗകര്യം ഒരുക്കിയിരുന്നു. KL 16 W 424 രജിസ്ട്രേഷൻ നമ്പറുള്ള ആംബുലൻസിലാണ് വൃക്ക കോഴിക്കോട് എത്തിച്ചത്.

റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ യാഷ്‌വാൻ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.30 ഓടെയാണ് മരിച്ചത്. തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. യാഷ്‌വാൻ്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയവാൽവ്, കോർണിയ എന്നീ അവയവങ്ങളാണ് വിവിധ രോഗികൾക്കായി മാറ്റിവയ്ക്കുന്നത്. ഒരു വൃക്ക കോഴിക്കോട്ടുള്ള രോഗിക്കും ബാക്കി അവയവങ്ങളെല്ലാം തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളിലുമാണ് മാറ്റി വെയ്ക്കുന്നത്. കോട്ടയം വിജയപുരം സ്വദേശിയായ നാലു വയസ്സുകാരിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിഡ്നി സ്വീകരിക്കുന്നത്.

സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ചാണ് യാഷ്‌വാന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ തിരുനെൽവേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഡോക്ടർമാർ പരമാവധി ശ്രമിച്ചിട്ടും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: ലോകിനേനി രഘു. അമ്മ: സൗമ്യ പാപ്പറാവു.

Post a Comment

Previous Post Next Post