കോഴിക്കോട്: മലമ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്. ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന അനോഫിലിസ് കൊതുകുകള്‍ മുഖേനയാണ് രോഗം പകരുന്നത്. പനിയുള്ളപ്പോള്‍ രക്ത പരിശോധനയിലൂടെ രോഗം കണ്ടെത്താം. മലമ്പനി ലക്ഷണങ്ങള്‍ക്ക് മറ്റ് പനിയുടെ ലക്ഷണവുമായി സാമ്യമുള്ളതിനാല്‍ മലമ്പനിയല്ലെന്ന് ഉറപ്പാക്കണം. ഇതര സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുന്നവരിലെയും അതിഥി തൊഴിലാളികളിലെയും പനിയില്‍ പ്രത്യേക ശ്രദ്ധവേണം. മലമ്പനിക്ക് ഫലപ്രദമായ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭ്യമാണ്.
മലമ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളി ക്യാമ്പുകള്‍, നിര്‍മാണ സ്ഥലങ്ങള്‍, തോട്ടം മേഖലകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തുന്നുണ്ട്. വാര്‍ഡ് തലത്തില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍, എന്റമോളജിക്കല്‍ സര്‍വേ എന്നിവയും സംഘടിപ്പിക്കുന്നു. അതിഥി തൊഴിലാളികള്‍ക്കിടയില്‍ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്, വടകര റെയില്‍വേ സ്റ്റേഷന്‍ എന്‍ട്രി പോയിന്റ് സ്‌ക്രീനിങ്ങും നടക്കുന്നു. ഹാര്‍ബറുകളില്‍ ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം, വിവിധ വകുപ്പുകളുടെ യോഗങ്ങള്‍, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടത്തുന്നുണ്ട്.
എങ്ങനെ പ്രതിരോധിക്കാം.
• മലമ്പനിയുണ്ടാക്കുന്ന കൊതുകുകള്‍ ശുദ്ധജലത്തില്‍ മുട്ടയിട്ട് വളരുന്നതിനാല്‍ ഉറവിട നശീകരണം കാര്യക്ഷമമാക്കണം. വെള്ളം സംഭരിച്ചുവെച്ച പാത്രങ്ങള്‍, ടാങ്കുകള്‍ തുടങ്ങിയവ കൊതുക് കടക്കാത്തവിധം വലയോ തുണിയോ കൊണ്ട് മൂടുകയോ അടച്ച് സൂക്ഷിക്കുകയോ വേണം. കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കിക്കളയുകയോ മണ്ണിട്ട് മൂടുകയോ ചെയ്യണം.
• ആഴം കുറഞ്ഞ കിണറുകളില്‍ കൂത്താടികളെ തിന്നുന്ന ഗപ്പി, ഗാംബൂസിയ തുടങ്ങിയ ചെറുമത്സ്യങ്ങളെ വളർത്തുകയോ കൊതുക് കടക്കാത്തവിധം വലകൊണ്ട് മൂടി സൂക്ഷിക്കുകയോ വേണം.
• തീരപ്രദേശത്ത് സൂക്ഷിക്കുന്ന ഉപയോഗിക്കാത്ത ബോട്ടുകളില്‍ വെള്ളം കെട്ടിക്കിടന്ന് കൂത്താടികള്‍ ഉണ്ടാകുന്നതിനാല്‍ ഇതില്‍ കൊതുകുനാശിനികള്‍ തളിക്കുകയോ ബോട്ടുകള്‍ കമഴ്ത്തിയിടുകയോ ചെയ്യണം.
• കൊതുകിന്റെ കടിയേല്‍ക്കാതിരിക്കാന്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കുക.
• ദേഹം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രധാരണം, രാത്രികാലങ്ങളില്‍ കൊതുകുവല എന്നിവ ശീലമാക്കുക.
• കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍, റിപ്പലന്റുകള്‍, കൊതുക് തിരികള്‍ എന്നിവ ഉപയോഗിക്കുക.
• വീടുകളുടെ ജനലുകളിലും വാതിലുകളിലും കൊതുക് കടക്കാത്തവിധത്തിലുള്ള കമ്പിവലകള്‍ ഘടിപ്പിക്കുക.