അറ്റ്‌ലാന്റ: അര്‍ജന്റീനയ്‌ക്കെതിരായ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരത്തിലെ റഫറിയുടെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് ഇനി ഒരു മത്സരവും കാണില്ലെന്ന് ഈജിപ്ത് പരിശീലകന്‍ ഹുസാം ഹസ്സൻ. തങ്ങൾ കടുത്ത അനീതി നേരിട്ടെന്നും ഫിഫ (FIFA) പക്ഷപാതം കാണിച്ചെന്നും അദ്ദേഹം ആരോപിച്ചു. 'ഇതെല്ലാം പണത്തിന് വേണ്ടിയാണ്. അവര്‍ക്ക് മെസ്സി ടൂര്‍ണമെന്റില്‍ വേണം. ഈ കളിക്കളത്തില്‍ നീതിയില്ല' അദ്ദേഹം പറഞ്ഞു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം. അര്‍ജന്റീനയെയും ലയണല്‍ മെസ്സിയെയും ടൂര്‍ണമെന്റില്‍ നിലനിര്‍ത്താന്‍ ഫിഫയും റഫറിമാരും ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. അറ്റ്ലാന്റയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ 79ാം മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നിട്ടുനിന്ന ശേഷം ഈജിപ്തിനെ 3-2നാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്.
മത്സരം 1-0 എന്ന നിലയില്‍ പുരോഗമിക്കുമ്പോള്‍ ഈജിപ്ഷ്യൻ താരം മുസ്തഫ സിക്കോയുടെ ഒരു ഗോള്‍ വാര്‍ (VAR) പരിശോധനയ്ക്ക് ശേഷം ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലെറ്റക്‌സിയര്‍ നിഷേധിച്ചിരുന്നു. ബില്‍ഡ്-അപ്പില്‍ ഫൗള്‍ നടന്നുവെന്നാരോപിച്ചായിരുന്നു നടപടി. ഇത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. മാത്രമല്ല, എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടുന്നതിന് തൊട്ടുമുമ്പ് തങ്ങളുടെ താരത്തിന് ബോക്‌സില്‍ വെച്ച് ഫൗള്‍ സംഭവിച്ചുവെന്നും, എന്നാല്‍ റഫറി പെനാല്‍റ്റി നല്‍കാന്‍ തയ്യാറായില്ലെന്നും ഈജിപ്ത് ആരോപിക്കുന്നു. ഈ വിഷയത്തില്‍ വാര്‍ പരിശോധന നടത്താത്തതും കടുത്ത പ്രതിഷേധത്തിന് കാരണമായി.
പിന്നാലെയാണ് വാര്‍ത്താസമ്മേളനത്തില്‍ ലയണല്‍ മെസ്സിയെയും അര്‍ജന്റീനയെയും ടൂര്‍ണമെന്റില്‍ നിലനിര്‍ത്താനാണ് ഫിഫയുടെ താല്പര്യമെന്ന് ഹസ്സൻ തുറന്നടിച്ചത്. 'ഇതെല്ലാം പണത്തിന് വേണ്ടിയാണ്. അവര്‍ക്ക് മെസ്സി ടൂര്‍ണമെന്റില്‍ വേണം. ഈ കളിക്കളത്തില്‍ നീതിയില്ല' അദ്ദേഹം പറഞ്ഞു. മത്സരത്തില്‍ തങ്ങള്‍ അര്‍ജന്റീനയേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും, എന്നാല്‍ 'പിന്നില്‍ നിന്നുള്ള ഇടപെടലുകള്‍' മൂലമാണ് തങ്ങള്‍ തോറ്റതെന്നും ഹസന്‍ പറഞ്ഞു. പ്രതിഷേധ സൂചകമായി ടൂര്‍ണമെന്റിലെ തുടര്‍ന്നുള്ള മത്സരങ്ങള്‍ താന്‍ കാണില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.