കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം. കൊയിലാണ്ടി നടേരി സ്വദേശി കുതിരക്കുട പുള്ളുവനം കണ്ടി ബിജു (49) വാണ് മരിച്ചത്. അമീബിക് മസ്തിഷ്കജ്വര ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. പനിയെ മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ബിജുവിന് ജൂലൈ 23-നാണ് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്.
ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. രോഗബാധയുടെ ഉറവിടം വ്യക്തമല്ല. പൊതുജലാശയങ്ങളിലോ കുളങ്ങളിലോ കുളിക്കുന്ന ശീലമുള്ള വ്യക്തിയല്ലെന്നിരിക്കെ എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. സംഭവത്തെ തുടർന്ന് പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്ത് ക്ലോറിനേഷൻ നടപടികളും പൂർത്തിയാക്കി.
കൊയിലാണ്ടി ഓട്ടോ ഡ്രൈവേഴ്‌സ് കോർഡിനേഷൻ കമ്മറ്റി ജോയൻ്റ് സെക്രട്ടറിയും സിഐടിയു ഭാരവാഹിയുമാണ് ബിജു. അച്ഛൻ: പരേതനായ ഭാസ്ക്കരൻ. അമ്മ: വിലാസിനി. ഭാര്യ: രമ്യ. മക്കൾ: അദ്വൈത്, അഭിരാം. സഹോദരങ്ങൾ: ഷൈജു, ഷൈജ.