Trending

നീറ്റ് പ്രതിഷേധക്കാർക്കെതിരെയുള്ള അതിക്രമം: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് സ്തംഭിച്ചു.


ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പാർലമെന്റിൽ വൻ പ്രതിഷേധം. ഇന്നും പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. പാർലമെന്റ് മൺസൂൺ സമ്മേളനത്തിന്റെ ആറാംദിനമായ ഇന്ന് സഭ ബഹളത്തിൽ മുങ്ങുകയും ഇരുസഭകളും നിർത്തിവെക്കുകയായിരുന്നു.

നീറ്റ്-യുജി മെഡിക്കൽ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട വ്യാപക ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, അഴിമതി എന്നിവയിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തുകയായിരുന്നു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന ഈ വിഷയത്തിൽ ചർച്ച വേണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.

സഭയിലെ മറ്റു നടപടികൾ നിർത്തിവെച്ച് ഈ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. രാജ്യസുരക്ഷയെയും ഭരണഘടനാ അവകാശങ്ങളെയും ബാധിക്കുന്ന അതീവ ഗുരുതരമായ സാഹചര്യമാണിതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉൾപ്പെടെയുള്ള സുരക്ഷാസേനകൾ മാരകമായ ആയുധങ്ങൾ ഉപയോഗിച്ചതായി പ്രതിപക്ഷം ആരോപിച്ചു. പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചുള്ള വെടിവെപ്പിൽ ഒരു വിദ്യാർത്ഥിയുടെ കാഴ്ചശക്തി നഷ്ടപ്പെടുന്ന അവസ്ഥയിലാണെന്നും എംപിമാർ ചൂണ്ടിക്കാട്ടി.

ഡൽഹി പോലീസിന് പുറമെ തിരിച്ചറിയാൻ കഴിയാത്ത സിവിൽ വേഷത്തിലെത്തിയ ഗുണ്ടകളും, പോലീസുകാരും വിദ്യാർത്ഥി മാർച്ചിന് നേരെ അക്രമം അഴിച്ചുവിട്ടതായി നോട്ടീസിൽ പറയുന്നു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ, ക്രമസമാധാന തകർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഡൽഹി തെരുവുകളിൽ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിക്കപ്പെടുകയും അവരുടെ തലയോട്ടി തകർക്കപ്പെടുകയും ചെയ്തപ്പോൾ എവിടെയായിരുന്നു ഈ ജനാധിപത്യ മര്യാദയെന്നും നിരപരാധികളായ വിദ്യാർത്ഥികൾക്ക് നേരെ നടന്ന ഈ ആസൂത്രിത അക്രമത്തിന് ഉത്തരവാദിയായ ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post