റിയാദ്: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി സൗദി അറേബ്യ. പ്രവാസികളടക്കം നിരവധിപേർ തട്ടിപ്പിനിരയായ സാഹചര്യത്തിലാണ് ഓർമ്മപ്പെടുത്തൽ. കഴിഞ്ഞ ദിവസം രണ്ടു മലയാളി നഴ്സുമാർ ഇത്തരം സംഘങ്ങളുടെ തട്ടിപ്പിനിരയായിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിൽ നിന്നാണെന്നും പറഞ്ഞ് വിളിച്ചാണ് തട്ടിപ്പ് നടത്തുന്നത്. മൊബൈലിൽ വിളിച്ച് ഒടിപി നമ്പർ കൈക്കലാക്കിയാണ് കവർച്ച. അബ്ഹയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലിചെയ്യുന്ന മലയാളികളായ രണ്ടു നഴ്സുമാർ കഴിഞ്ഞ ദിവസം ഇത്തരം സംഘങ്ങളുടെ കെണിയിൽ പെട്ടിരുന്നു. തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.
നിരവധി പ്രവാസികൾ സമാന രീതിയിലുള്ള തട്ടിപ്പിനിരയായതായി പരാതി നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക നടപടികളുടെ ഭാഗമാണെന്ന് വ്യാജേന വിളിക്കുകയും ഭീഷണി സ്വരത്തിൽ സംസാരിച്ച് ഒടിപി നമ്പർ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. സമൂഹ മാധ്യമങ്ങൾ വഴി തട്ടിപ്പ് നടത്തുന്ന ഇത്തരക്കാർക്കിടയിൽ മലയാളി സംഘങ്ങളും സജീവമാണ്.
ഒടിപി ബാങ്ക് വെരിഫിക്കേഷൻ കോഡ്, നഫാത്ത് (Nafath) അല്ലെങ്കിൽ അബ്ഷെർ (Absher) അംഗീകാര അഭ്യർത്ഥനകൾ തുടങ്ങിയവ ഒരിക്കലും മറ്റൊരാൾക്ക് കൈമാറരുതെന്നാണ് സൈബർ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. തട്ടിപ്പിനിരയാകാം എന്ന മുൻകരുതലോടെ മാത്രം ഇടപാടുകൾ നടത്താവൂ എന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.