നാദാപുരം: നാദാപുരം വിഷ്ണുമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വളയം ടൗണിനടുത്തെ ഇടിക്കുന്നുമ്മൽ ഗോപാലൻ്റെ മകൻ രഞ്ജിത്തിന്റെ (43) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങിയ രഞ്ജിത്തിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
ഇന്ന് പുലർച്ചെ 5.30 ഓടെ കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും സ്കൂട്ടറിൽ ഇറങ്ങിയതാണെന്ന് ഭാര്യയും കല്ലാച്ചി ഗവണ്മെൻ്റ് ഹയർസെക്കണ്ടറി സ്കൂൾ അധ്യാപികയുമായ സബിന പറഞ്ഞു. ഇതിനിടയിലാണ് വിഷ്‌ണുമംഗലം ബണ്ട് പരിസരത്തെ പാലത്തിന് സമീപം റോഡരിൽ രഞ്ജിത്തിന്റെ K L 18 Y 1967 നമ്പർ സ്കൂട്ടർ നിർത്തിട്ടതായി കണ്ടത്. സ്‌കൂട്ടറിൽ കുടയും രഞ്ജിത്ത് ഉപയോഗിച്ച ചെരുപ്പുമുണ്ടായിരുന്നു.
ഇതിനെ തുടർന്ന് ഇന്ന് രാവിലെ 8.30 മുതൽ ഫയർഫോഴ്‌സും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുകയായിരുന്നു. രഞ്ജിത്തിന്റെ ബന്ധു റോഷിൽ ഒരു വർഷം മുൻപ് വിഷ്ണുമംഗലം പുഴയിൽ വീണ് മരിച്ചിരുന്നു. വളയം സിഐയുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തുണ്ട്.