Trending

ആറു ചാക്കുകളിൽ 5000 പായ്ക്കറ്റുകൾ; കോഴിക്കോട് വന്‍ ഹാന്‍സ് ശേഖരവുമായി മധ്യവയസ്‌കന്‍ പിടിയില്‍.


കോഴിക്കോട്: നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ ശേഖരവൂമായി മധ്യവയസ്‌കന്‍ പിടിയില്‍. രാമനാട്ടുകര സ്വദേശിയായ പള്ളിക്കര മുസ്തഫ (52) യെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. രാമനാട്ടുകര ഹെല്‍ത്ത് സെന്ററിന് അടുത്ത് നീലിത്തോട് പാലത്തിന് സമീപത്തെ വാടക വീട്ടിലാണ് മുസ്തഫയുടെ താമസം. ഇവിടെ ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തുകയായിരുന്നു.

വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു റൂമില്‍ നിന്നും ആറു ചാക്കുകളിലായി സൂക്ഷിച്ച ഏകദേശം 5,000 ത്തോളം പായ്ക്കറ്റ് ഹാന്‍സാണ് കണ്ടെടുത്തത്. പിന്നീട് ഇയാളുടെ സ്‌കൂട്ടറിന്റെ ഡിക്കിയിൽ ഡെലിവറി ചെയ്യാനായി സൂക്ഷിച്ച 180 പായ്ക്കറ്റ് ഹാന്‍സും കൂടി കണ്ടെടുത്തു. വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാമനാട്ടുകരയില്‍ സ്റ്റേഷനറി കട നടത്തുന്ന മുസ്തഫ ഈ കടയുടെ മറവിലാണ് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് മൊത്തമായും ചില്ലറയായും വില്‍പ്പന നടത്തിവന്നത്. ഇതരസംസ്ഥാന തൊഴിലാളികളും വിദ്യാര്‍ത്ഥികളും യുവാക്കളും ഉള്‍പ്പെടെയുള്ളവര്‍ ഹാന്‍സ് വാങ്ങാന്‍ കടയില്‍ വരാറുണ്ടെന്നും ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കാറുണ്ടെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. 

Post a Comment

Previous Post Next Post