കൽപ്പറ്റ: വയനാട് ജില്ലയിലെ വിനോദ സഞ്ചാരത്തിന്റെ ഭാഗമായുള്ള ട്രക്കിങ്, റിസോർട്ടുകൾ, ഹോം സ്റ്റേകൾ, സാഹസിക വിനോദ കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. അതേസമയം, മേപ്പാടി ഗ്രാമപഞ്ചായത്തിലെ 08, 09,10,11,12,13 വാർഡുകളിലെ വിനോദ സഞ്ചാരത്തിന്റെ ഭാഗമായുള്ള ട്രക്കിങ്, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ എടയ്ക്കൽ ടൂറിസം കേന്ദ്രത്തിനും മാനന്തവാടി താലൂക്കിലെ മുനീശ്വരംകുന്ന്, കുറുവാദ്വീപ് ടൂറിസം കേന്ദ്രങ്ങൾക്കും നിയന്ത്രണങ്ങൾ തുടരും. ക്വാറികളുടെ പ്രവർത്തനങ്ങൾക്കും യന്ത്ര സഹായത്തോടെയുള്ള മണ്ണു നീക്കത്തിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51, 55 വകുപ്പുകൾ പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കും.
കള്ളാടിയിൽ ഇരട്ടിമഴ മേഖലയിൽ ലഭിക്കേണ്ട മഴ ശരാശരിയുടെ ഇരട്ടിയലധികമാണ് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ മാത്രം പെയ്തത്. കാലങ്ങളായി കൂടുതൽ മൺസൂൺ മഴ കിട്ടുന്ന മേഖലയാണ് മുണ്ടക്കൈ, മേപ്പാടി മുതൽ ലക്കിടി വരെയുള്ള പ്രദേശങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന സ്ഥലമായതിനാൽ മഴ മേഘങ്ങളും മഴയും കൂടും. കൂടാതെ, ഇത്തരം ഉയർന്ന സ്ഥലങ്ങളിൽ വലിയ പാറകൾ ഉള്ളിടത്ത് പെയ്യുന്ന മഴവെള്ളം ഒലിച്ചിറങ്ങി വലിയ തള്ളിച്ച ഉണ്ടാവുകയും ചെയ്യും. ഇതാണ് ഇന്നലെ മീനാക്ഷിയിലുണ്ടായ മണ്ണിടിച്ചിലിനും കാരണം. 2024 ജൂലൈ 30ന് മുണ്ടക്കൈ–ചൂരൽമല മേഖലകളിൽ ഉരുൾപൊട്ടലുണ്ടായപ്പോഴും കള്ളാടി മേഖലയിൽ 200 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയിരുന്നു.