പേരാമ്പ്ര: പേരാമ്പ്രയിൽ 'ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. 51.432 ഗ്രാം എംഡിഎംഎയും എട്ടര ലക്ഷം രൂപയുമായി മൂന്നുപേരെ ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി. ടി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം പിടികൂടി. കഴിഞ്ഞ ദിവസം രാത്രി പേരാമ്പ്ര വാല്യക്കോട്ടു വെച്ചാണ് പ്രതികൾ പിടിയിലാവുന്നത്.
മുഹമ്മദ് തസ്നീം (34), സിറാജ് (42), മുഹമ്മദ് യാസീൻ (24) തുടങ്ങിയവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച KA 53 MD 5418 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് ലഹരിമരുന്ന് എത്തിച്ച് വില്പന നടത്തുന്നതിനിടയിൽ, പുലർച്ചെ വാല്യക്കോട് - മുളിയങ്ങൽ റോഡിൽ വെച്ചാണ് ഡാൻസാഫ് സംഘം പ്രതികളെ വളഞ്ഞത്. കോഴിക്കോട് റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാറിന്റെ ഡാഷ് ബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.
ലഹരി വില്പനയിലൂടെ ലഭിച്ച എട്ടര ലക്ഷം രൂപ കാറിൻ്റെ സീറ്റിനടിയിൽ കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രധാന ലഹരി മൊത്ത വിതരണക്കാരാണ് പിടിയിലായവർ. കഴിഞ്ഞ ആറു മാസമായി ഇവർ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ചോദ്യം ചെയ്യലിൽ ലഹരി വില്പന നടത്തിയതിന്റെ വിശദവിവരങ്ങൾ പ്രതികൾ പോലീസിനോട് സമ്മതിച്ചു.
മുൻപ് വിദേശത്തായിരുന്ന തസ്നീം, സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് പെട്ടെന്ന് പണമുണ്ടാക്കാനാണ് ലഹരി വില്പനയിലേക്ക് തിരിഞ്ഞത്. കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ ലഹരി വില്പനക്കാരാണ് തസ്നിമും സിറാജും. ആഡംബര കാറുകൾ വാടകയ്‌ക്കെടുത്തും യുവതികളെയും ചെറുപ്പക്കാരെയും ലഹരി ശൃംഖലയിൽ കണ്ണികളാക്കിയുമാണ് ഇവർ വില്പന നടത്തിയിരുന്നത്. സ്ത്രീകളെ ഇവർ ലഹരി കടത്തിനുള്ള കരിയർമാരായി ഉപയോഗിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. ഡാൻസാഫ് സംഘത്തിലെ എസ്ഐമാരായ വിനീത് വിജയൻ, രാജീവ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എ എസ്ഐമാരായ എൻ.എം ജയരാജൻ, ഷാജി വി.വി, ബിനീഷ് വി.സി, സദാനന്ദൻ.വി, സുനിൽ കുമാർ സി.എം, സീനിയർ സിപിഒമാരായ ജിനീഷ് പി.പി, അനസ് പി.കെ, അഖിലേഷ് ഇ.കെ, സിപിഒമാരായ അനൂപ് സെൻ, ലിധിൻ ഡി.ബി, റിജേഷ് ഒ.എം, മിഥുൻ മോഹൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.