പേരാമ്പ്ര: പേരാമ്പ്ര ചങ്ങരോത്ത് യുവാവിനെ വീടിൻ്റെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജാനകിവയൽ കുന്നോത്ത് ബാലകൃഷ്ണന്റെ മകൻ അരുൺ (32) നെയാണ് കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.
സംഭവസമയത്ത് അരുണും ഭാര്യയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ചെ എഴുന്നേറ്റ ഭാര്യയാണ് മൃതദേഹം ആദ്യം കണ്ടത്. മരണത്തിൽ പരക്കേ ദുരൂഹതയുണ്ടെന്ന് അരുണിന്റെ ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പെരുവണ്ണാമൂഴി പോലീസും ഫോറൻസിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളും വിശദമായ പരിശോധനയും നടത്തി.
മരണത്തിലെ യഥാർത്ഥ കാരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ശിവജി സേനയുടെ സജീവ പ്രവർത്തകനായിരുന്ന അരുൺ, പ്രദേശത്ത് തെങ്ങുകയറ്റ ജോലി കരാറെടുത്ത് നടത്തിവരികയായിരുന്നു. മൃതദേഹം നിലവിൽ പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഭാര്യ: ജിതിന. മകൻ: ഓംകൃഷ്ണ.