കോഴിക്കോട്: കോഴിക്കോട് അരയിടത്തുപാലം കാറും ബൈക്കുകളും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ദർസ് വിദ്യാർത്ഥി മരിച്ചു. തിരുവമ്പാടി സ്വദേശിയായ അഹമ്മദ് അൽ സാബിത്ത് (17) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ രണ്ട് ബൈക്കുകളും ഒരു കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. പാലാഴി ഹിദായ ദർസിലെ വിദ്യാർത്ഥിയാണ് സാബിത്ത്.
ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സാബിത്ത് പാലത്തിൽ നിന്നും തെറിച്ച് താഴെയുള്ള റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് റബീൽ അടക്കം പരിക്കേറ്റ മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.