കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി പതിനാലാം മൈൽസിന് സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിന് പിറകിൽ കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്. വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെ അരങ്ങാടത്ത് പെട്രോൾ പമ്പിന് മുൻവശത്തായിരുന്നു അപകടം.
കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂർ ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഇന്നോവ ക്രിസ്റ്റ കാറാണ് അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിന്റെ പിറകിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു.
അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരായ രണ്ടുപേരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.