കാസർകോട്: കാൻസർ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ മരിച്ച ആദ്യകാല ആർഎസ്എസ്-ബിജെപി പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളോ പാർട്ടിപ്രവർത്തകരോ ഉണ്ടായില്ല. കുടുംബങ്ങളുടെയും പൊലീസിന്റെയും അനുമതിയോടെ ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയും വനിതലീഗ് നേതാവുമായ ഇർഫാന ഇഖ്ബാലിന്റെ നേതൃത്വത്തിൽ ചിതയൊരുക്കി മൃതദേഹം സംസ്‌കരിച്ചു. കാസർകോട് മഞ്ചേശ്വരം താലൂക്കിലെ മീഞ്ച പഞ്ചായത്തിലെ ചിഗ്‌റുപദവ് സ്വദേശിയായ നാരായണൻ (64) ആണ് മരിച്ചത്.
ഒരു മാസം മുൻപ് മീഞ്ചയിലെ കട വരാന്തയിൽ ആഴ്ചകളോളം ഭക്ഷണമൊന്നും കഴിക്കാതെ മൃതപ്രായനായി കഴിഞ്ഞിരുന്ന നാരായണൻ്റെ ദയനീയാവസ്ഥ വാർഡ് മെമ്പർ ഷെരിഫ് ചിനാലയാണ് ഇർഫാന ഇഖ്ബാലിനെ അറിയിക്കുന്നത്. സ്ഥലത്തെത്തിയ ഇർഫാന ഇക്കാര്യം കലക്ടറേയും ജില്ല മെഡിക്കൽ ഓഫീസറെയും ബോധിപ്പിച്ചു. അവരുടെ അനുമതിയോടെ ഇർഫാന ഉപ്പള ഷെയ്ഖ് സായിദ് ഫൗണ്ടേഷനെ സമീപിച്ചു. ഫൗണ്ടേഷൻ പ്രവർത്തകർ ഇയാളെ കുളിപ്പിച്ച് വൃത്തിയാക്കി പ്രാഥമിക ശുശ്രൂഷ നൽകി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. ഒരു മാസമായി അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വ്യാഴാഴ്ച നാരായണൻ മരിച്ചത്. മരണവിവരം മഞ്ചേശ്വരം പോലീസ് ബന്ധുക്കളെ അറിയിച്ചു. എന്നാൽ, മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആരും തയാറായില്ല. മൃതദേഹം ഏറ്റെടുത്തു സംസ്‌കരിക്കാൻ രണ്ടു ഭാര്യമാരും, മക്കളും, സഹോദരിയും ജില്ലാ പഞ്ചായത്ത് മെംബർ ഇർഫാനക്ക് സമ്മതപത്രം നൽകി.
ഉപ്പളയിൽ എത്തിച്ച മൃതദേഹം ചെറുഗോളി പൊതുശ്മാശാനത്തിൽ മകളുടെ സ്ഥാനത്തു നിന്ന് ഹൈന്ദവ ആചാര പ്രകാരം ഇർഫാന ഇഖ്ബാൽ ചിതക്ക് തീ കൊളുത്തി അന്ത്യകർമ്മങ്ങൾ നിർവഹിക്കുകയായിരുന്നു. സാമൂഹ്യ പ്രവർത്തകരായ റിയാസ് പിലാത്തറ, മഹ്മൂദ് കൈകമ്പ തുടങ്ങിയവരും അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തു. ഉറ്റവർ നഷ്ടപ്പെട്ട് തെരുവിൽ ഉപേക്ഷിക്കപ്പെട്ട അൻപതോളം മാതാപിതാക്കളെ സംരക്ഷിക്കുന്ന ഉപ്പളയിലെ ഷെയ്ഖ് സായിദ് വൃദ്ധ മന്ദിരം സ്ഥാപകയാണ് ഇർഫാന. തങ്ങളുടെ ഉത്തരവാദിത്വമാണ് നിർവഹിച്ചതെന്നും കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും ഇർഫാന പറഞ്ഞു.