കോഴിക്കോട്: കോഴിക്കോട് പുഷ്പ ജങ്ഷനില്‍ ഇൻഡോ സൊസൈറ്റിക്ക് സമീപമുള്ള ഓടയിൽ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. എന്നാല്‍ ഒരു മാന്ത്രികൻ മന്ത്രവിദ്യയിലൂടെ തന്നെ ഓടയ്ക്കുള്ളില്‍ കുടുക്കിയതാണെന്നാണ് യുവാവിൻ്റെ വിചിത്രവാദം. ഇയാള്‍ എങ്ങനെയാണ് ഓടയ്ക്കുള്ളില്‍ എത്തിയതെന്ന കാര്യത്തില്‍ ഇപ്പോഴും നിഗൂഢത തുടരുകയാണ്.
കഴിഞ്ഞ രണ്ടു ദിവവസമായി താന്‍ ഓടയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഏതോ ഒരു മാന്ത്രികൻ മന്ത്രവിദ്യയിലൂടെ തന്നെ ഇവിടെ എത്തിച്ചതാണെന്നുമാണ് ഇയാളുടെ അവകാശവാദം. ഓടയില്‍ നിന്ന് ഉയര്‍ന്നുവന്ന കൈ ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരാണ് യുവാവ് ഓടയില്‍ വീണത് ആളുകളെ അറിയിച്ചത്. ഉടന്‍തന്നെ വഴിയാത്രക്കാര്‍ ചേര്‍ന്ന് യുവാവിനെ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം.
ഹൈഡ്രോളിക് മെഷീന്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് സ്ലാബ് നീക്കി ഇയാളെ ഫയര്‍ഫോഴ്‌സ് സംഘം പുറത്തെടുക്കുകയുമായിരുന്നു. 'ഇയാള്‍ എങ്ങനെയാണ് ഓടയ്ക്കുള്ളില്‍ എത്തിയതെന്ന കാര്യത്തില്‍ നിഗൂഢതയുണ്ട്. കാരണം ഇയാള്‍ കിടന്നതിന് അടുത്തൊന്നും തുറന്ന മാന്‍ഹോളുകളോ സ്ലാബുകളോ ഇല്ല. അടിവസ്ത്രം മാത്രമാണ് ഇയാള്‍ ധരിച്ചിരുന്നത്. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികതയുണ്ടോ എന്ന് കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.