Trending

വീണ്ടും ചികിത്സാ പിഴവ്; പ്രസവ സമയത്ത് നവജാത ശിശുവിൻ്റെ കയ്യൊടിഞ്ഞു, കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി.


കോഴിക്കോട്: പ്രസവ സമയത്ത് പുറത്തെടുക്കുമ്പോള്‍ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെയാണ് വീണ്ടും ചികിത്സാപ്പിഴവ് ആരോപണം ഉയര്‍ന്നത്. കക്കോടി ഒറ്റതെങ്ങ് സ്വദേശികളായ സുജിന്‍-അമല ദമ്പതികളുടെ കുട്ടിയുടെ വലതു കൈയ്യിലെ എല്ലാണ് പൊട്ടിയത്.

പ്രസവശേഷം ആശുപത്രി അധികൃതര്‍ കുഞ്ഞിനെ മാതാപിതാക്കളെ കാണിക്കുന്നതിന് മുൻപ് കുഞ്ഞിന്റെ കൈയ്ക്ക് പ്ലാസ്റ്റര്‍ ഇട്ടിരുന്നെന്നും, രണ്ടാം ദിവസം ഇത് അഴിഞ്ഞു വീണുവെന്നും പരാതിക്കാര്‍ ആരോപിച്ചു. കുട്ടി വേദനകൊണ്ട് കരഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് അമ്മ അമല പറയുന്നു. മണിക്കൂറുകള്‍ കാത്തുനിന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഡോക്ടര്‍മാര്‍ ആരും തന്നെ കുട്ടിക്ക് ചികിത്സ നല്‍കിയില്ലെന്നും ഇവർ ആരോപിച്ചു. 

തുടര്‍ന്ന് കുടുംബം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍ കുഞ്ഞിൻ്റെ കൈയ്യിലെ എല്ല് സ്ഥാനം തെറ്റിയതായും ആരോപണമുണ്ട്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും മെഡിക്കല്‍ കോളേജ് പോലീസിനും കുടുംബം പരാതി നല്‍കി.

Post a Comment

Previous Post Next Post