കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോടിൽ കേബിൾ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ ജിയോ ടെക്നീഷ്യൻ മരിച്ചു. കൊമ്മേരി സ്വദേശി ജിജേഷ് (40) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.
കുണ്ടായിത്തോടിൽ ജിയോ ഫൈബർ കണക്ഷന്റെ സാങ്കേതിക തകരാർ പരിഹരിക്കുന്നതിനായി ജിയോ കേബിൾ കടന്നുപോകുന്ന പോസ്റ്റിൽ കയറി ജോലി ചെയ്യുകയായിരുന്നു ജിജേഷ്. ഇതിനിടെ തൊട്ടു മുകളിലൂടെ കടന്നുപോകുകയായിരുന്ന കെഎസ്ഇബിയുടെ ഹൈടെൻഷൻ വൈദ്യുതി ലൈനിൽ അബദ്ധത്തിൽ കൈതട്ടുകയും ശക്തമായി ഷോക്കേൽക്കുകയുമായിരുന്നു.
അപകടം നടന്നയുടൻ തന്നെ ജിജേഷിനെ ചുങ്കത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.