തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രം. യുഡിഎഫ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പദ്ധതി, വരാനിരിക്കുന്ന ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ലക്ഷ്യമിടുന്നത്. ആദ്യ 100 ദിനം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറിയിൽ നടപ്പാക്കും. അതിനു ശേഷം മറ്റു ബസ്സുകളിൽ നടപ്പാക്കുന്നത് ആലോചിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി സതീശനും ഗതാഗത മന്ത്രി സി.പി ജോണും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി. കെഎസ്ആർടിസിക്കുള്ള നഷ്ടം നികത്തുന്നത് പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ബസ്സുകളിലും ദീർഘദൂര സർവീസുകളിലും സൗജന്യയാത്ര അനുവദിക്കുന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾക്കും വരുമാന നഷ്ടത്തിനും കാരണമാകുമെന്ന് കെഎസ്ആർടിസി വിദഗ്ധ സമിതി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ ആദ്യ 100 ദിവസങ്ങളിൽ ഓർഡിനറി ബസ്സുകളിൽ മാത്രം സൗജന്യ യാത്ര പരിമിതപ്പെടുത്താൻ തീരുമാനിച്ചത്. ഈ കാലയളവിലെ യാത്രാ രീതികൾ പഠിച്ചശേഷം പദ്ധതിയുടെ രണ്ടാം ഘട്ടമായി മറ്റു ബസ്സുകളിലേക്ക് ആനുകൂല്യം വ്യാപിപ്പിക്കണോ എന്ന കാര്യം തീരുമാനിക്കും.