പൂനൂർ: പൂനൂരിൽ മധ്യവയസ്കന് വെട്ടേറ്റു. പൂനൂർ കക്കാട്ടുമ്മൽ അബ്ദുൽ മജീദിനാണ് (56) വെട്ടേറ്റത്. കഴുത്തിന് നേരെ വീശിയ കത്തി തടയുന്നതിനിടെ കൈയ്ക്ക് വെട്ടേൽക്കുകയായിരുന്നു. തൻ്റെ പരിചയക്കാരനായ പ്രസാദാണ് വെട്ടിയതെന്ന് മജീദ് പറഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെ ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിതിയിലാണ് അക്രമം നടന്നത്.
പ്രസാദിന് തന്നോട് മുൻവൈരാഗ്യമുണ്ടെന്നും, പഴയ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാം എന്ന് പറഞ്ഞ് പ്രസാദും, സുഹൃത്തായ പ്രകാശും പൂനൂരിന് അടുത്തുള്ള പെരിങ്ങളം വയലിലേക്ക് കൂട്ടികൊണ്ടു പോവുകയും അവിടെ വെച്ച് മദ്യം നൽകിയ ശേഷം കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് നേരെ വെട്ടുകയായിരുന്നുവെന്ന് മജീദ് പറഞ്ഞു.
കൈമുട്ടിന് മീതെയായി ആഴത്തിൽ മുറിവേറ്റ് ചോര വാർന്ന് ഒഴുകുന്ന നിലയിൽ കണ്ട ഇയാളെ ഓട്ടോ ഡ്രൈവറും, നാട്ടുകാരനും ചേർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.