അത്തോളി: അത്തോളിയിലെ വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ നിക്ഷേപകരുടെ പരാതി. ജോലി വാഗ്‌ദാനം നൽകി സ്ഥിര നിക്ഷേപം വാങ്ങി കബളിപ്പിച്ചുവെന്നാണ് ആരോപണം. പോലീസിന് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. പ്രതിഷേധവുമായി രംഗത്ത് വന്നപ്പോൾ സൊസൈറ്റി പ്രസിഡൻ്റിൻ്റെ ഭർത്താവ് ഗിരീഷ് മൊടക്കല്ലൂർ ഭീഷണിപ്പെടുത്തിയതായും നടുവണ്ണൂർ സ്വദേശി ബാലഗോപാലൻ പറഞ്ഞു. എന്നാൽ സൊസൈറ്റി പ്രസിഡൻ്റ് പ്രബിത ആരോപണം നിഷേധിച്ചു.
വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനും, ചെറുകിട സമ്പാദ്യങ്ങൾ പ്രോത്സാഹിപ്പിക്കാനും, കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകാനും 18 വർഷം മുമ്പ് ആരംഭിച്ചതാണ് അത്തോളി വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. എന്നാൽ ഗുരുതര ആരോപണങ്ങളാണ് സൊസൈറ്റിക്കെതിരെ ഉയരുന്നത്. മരുമകൾക്ക് സൊസൈറ്റിയിൽ ക്ലർക്ക് തസ്തികയിൽ സ്ഥിരനിയമനത്തിന് 25 ലക്ഷം രൂപയുടെ നിക്ഷേപം ആവശ്യപ്പെട്ടെന്നും നിക്ഷേപകനായ ബാലഗോപാലൻ ആരോപിച്ചു.
സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ബാലഗോപാലൻ പെൻഷൻ തുക 6 ലക്ഷമടക്കം ആകെ 19 ലക്ഷം രൂപ നിക്ഷേപമായി നൽകി. എന്നാൽ വാഗ്ദാനം ചെയ്ത ജോലി നൽകാതെ കബളിപ്പിച്ചു. തുടർന്ന് നിക്ഷേപ തുക തിരികെ നൽകാൻ ആവശ്യപ്പെട്ടങ്കിലും രണ്ടു ലക്ഷം മാത്രമാണ് തിരികെ നൽകിയത്. പലതവണയായി ചോദിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് മടക്കി അയക്കുകയായിരുന്നെന്നും ബാലഗോപാലൻ പറഞ്ഞു.
നിരന്തരമായി നിക്ഷേപത്തുക തിരിച്ചു ചോദിച്ചതിന് പിന്നാലെ ഗിരീഷ് മൊടക്കല്ലൂർ നൽകിയ മൂന്നു ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്നും ബാലഗോപാലൻ പറഞ്ഞു. എന്നാൽ അങ്ങനെയൊരു ചെക്കിനെ കുറിച്ച് അറിയില്ലെന്നാണ് സൊസൈറ്റി പ്രസിഡൻ്റ് പ്രബിതയുടെ വിശദീകരണം. വൻ തട്ടിപ്പാണ് അത്തോളിയിൽ നടന്നിരിക്കുന്നതെന്നും അന്വേഷണം വേണമെന്നുമാണ് നിക്ഷേപകർ ആവശ്യപ്പെടുന്നത്.