ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ 21 മരണം. 11 പേർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരിൽ ഭൂരിഭാഗവും ദക്ഷിണാഫ്രിക്കൻ പൗരന്മാരാണെന്നാണ് വിവരം. ഇന്നു രാവിലെ മാളവ്യ നഗറിലെ ഹൗസ് റാണി പ്രദേശത്തുള്ള ഫ്ലോറിഷ് സ്റ്റേ ബ്രഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് ഹോട്ടലിലാണ് ദുരന്തമുണ്ടായത്.
അഞ്ചുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിൽ നിന്ന് കനത്ത പുകയും തീജ്വാലകളും ഉയർന്നു. 8.50 നാണ് തീപിടിത്തമുണ്ടായതെന്നും വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു. അപകടസമയത്ത് കെട്ടിടത്തിൽ 45 ഓളം പേർ ഉണ്ടായിരുന്നതായാണ് വിവരം. ഇവരിൽ ചിലർ രക്ഷപ്പെടാൻ മുകൾനിലയിൽ നിന്നു താഴേക്കു ചാടിയെന്നു ദൃക്സാക്ഷികൾ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല.
9.45 ഓടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും ദ്രുതകർമ സേനയും കെട്ടിടത്തിൽ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചു. പത്ത് അഗ്നിരക്ഷാസേനാ യൂണിറ്റുകൾ മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ കുടുങ്ങിക്കിടന്നവരെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി. പൊള്ളലേറ്റവരുടെ ആരോഗ്യ നിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.
തീ പൂർണമായും അണച്ച ശേഷവും കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പോലീസും ഫയർഫോഴ്സും തിരച്ചിൽ തുടരുകയാണ്. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഡല്‍ഹി സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ ദുരന്തത്തിൽ അനുശോചനമറിയിച്ചു.