കോഴിക്കോട്: കോഴിക്കോട് യുവാവിനെ ആക്രമിച്ച് പണവും രേഖകൾ അടങ്ങിയ പെഴ്സും പിടിച്ചുപറിച്ച കേസിൽ രണ്ടുപേർ പിടിയിൽ. പുതിയങ്ങാടി സ്വദേശി കൂമൻകണ്ടി അറാഫത്ത് (32), നടക്കാവ് പുതിയകടവ് സ്വദേശി രായിൻപുരയിൽ ഫൈസൽ എന്ന കൊള്ളി ഫൈസൽ (46) എന്നിവരാണ് കസബ പോലീസിൻ്റെ പിടിയിലായത്. രാജാജി റോഡ് ജംങ്ഷന് സമീപം വെച്ച് തിരുവമ്പാടി സ്വദേശിയായ യുവാവിനെ പ്രതികൾ ആക്രമിച്ച് 8,500 രൂപയും രേഖകൾ അടങ്ങിയ പെഴ്സും പ്രതികൾ പിടിച്ചുപറിക്കുകയായിരുന്നു.
നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതികളെ കുറിച്ച് മനസ്സിലാക്കുകയും സൈബർ സെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികൾക്ക് വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കസബ സബ് ഇൻസ്പെക്ടർ ആഷിസ്, അസി. സബ് ഇൻസ്പെക്ടർമാരായ പി. സജേഷ് കുമാർ, രാജീവ് കുമാർ, സിവിൽ പോലീസ് ഓഫീസർ രതീഷ്, ടൗൺ അസി. കമ്മീഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ സുജിത്ത് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.