പേരാമ്പ്ര: പേരാമ്പ്രയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള ലഹരി പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പാലേരി സ്വദേശി കൊളായിപൊയിൽ അഞ്ചൽ റോഷനാണ് (34) ലഹരി വിരുദ്ധ സ്വകാഡിൻ്റെ പിടിയിലായത്. ഇയാളിൽ നിന്നും 20 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ലഹരി കടത്താൻ ഉപയോഗിച്ച കാർ പോലിസ് കസ്റ്റഡിയിലെടുത്തു.
പേരാമ്പ്ര ബൈപ്പാസിൽ ഒരാൾ കാറിൽ എംഡിഎംഎ വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലിസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പേരാമ്പ്ര ലോഡ്ജിൽ മുറിയെടുത്ത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി വില്പന നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലിസ് പറഞ്ഞു.
വടകര റൂറൽ എസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്ഐ വിനീത് വിജയൻ, എ എസ്ഐമാരായ സുനിൽകുമാർ സിഎം, ബിനീഷ് വി.സി, സിപിഒ ലിതിൻ, മിഥുൻ മോഹൻ, ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ വിനീഷ്, സിഞ്ചുദാസ്, ജയേഷ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.