കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തം കയറ്റുന്നതിനുള്ള ഫിൽട്ടർസെറ്റ് സ്റ്റോക്ക് തീർന്നത് മൂലം തലസീമിയ രോഗികൾ വലയുന്നു. തലസീമിയ രോഗികൾക്ക് രക്തം കയറ്റുമ്പോൾ ഉണ്ടാവുന്ന ഗുരുതരമായ പാർശ്വഫലം ഇല്ലാതാക്കാൻ വേണ്ടിയാണ് ലൂക്കോസൈറ്റ് ഫിൽട്ടർ സെറ്റ് ഉപയോഗിക്കുന്നത്. മെഡിക്കൽ കോളേജിൽ സ്റ്റോക്ക് തീർന്നതിനാൽ ഇന്ന് രോഗികൾ ഫിൽട്ടർ സെറ്റ് പുറത്തു നിന്ന് അമിത വില കൊടുത്ത് വാങ്ങിയതാണെന്ന് ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരീം കാരശ്ശേരി പറഞ്ഞു.
ടെണ്ടർ നടപടികൾ മുടങ്ങിയത് കാരണം ലോക്കൽ പർച്ചേസ് നടത്തിയാണ് മെഡിക്കൽ കോളേജിൽ പ്രശ്നം പരിഹരിച്ചിരുന്നത്. എന്നാൽ ഇന്ന് ഈ സ്റ്റോക്കും തീർന്നതാണ് രോഗികളെ പ്രതിസന്ധിയിലാക്കിയത്. ഫിൽട്ടർ സെറ്റ് ലഭിക്കാത്തതിനാൽ കണ്ണൂർ, വയനാട്, കാസർക്കോട് ജില്ലക്കാർ കോഴിക്കോട് മെഡിക്കൽ കോളേജിനെയാണ് ആശ്രയിക്കുന്നത്. ഇവിടെ സ്റ്റോക്കില്ലാതായത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും കരീം കാരശ്ശേരി പറഞ്ഞു. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ രോഗികൾക്ക് ആഴ്ചകളായി ഫിൽട്ടർ സെറ്റ് ലഭിക്കുന്നില്ലെന്നും എച്ച്ഡിഎസ് ഫാർമസിയിൽ നിന്ന് പണം കൊടുത്താണ് വാങ്ങുന്നതെന്നും അധികൃതർ അറിയിച്ചു.
ഫിൽട്ടർ സെറ്റ് ഒന്നിന് 1200 രൂപ നൽകണം. സാധാരണക്കാരായ കുടുംബങ്ങൾക്ക് ഇത് സാമ്പത്തിക ബാധ്യതയാവും. മാത്രമല്ല പലപ്പോഴും ഇത് എറണാകുളത്ത് നിന്നും നേരത്തെ ബുക്ക് ചെയ്ത് എത്തിക്കുകയും വേണം. തലസീമിയ രോഗികൾക്ക് അത്യാവശ്യമായ ലൂക്കോസൈറ്റ് ഫിൽട്ടർ സെറ്റും ജീവൻ രക്ഷാ മരുന്നുകളും നൽകാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.