കൊയിലാണ്ടി: കൊയിലാണ്ടി പൊയിൽക്കാവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. കൊയിലാണ്ടിയിലെ ബിവറേജിൽ എത്തിയപ്പോഴാണ് പ്രതി കുട്ടികൃഷ്ണൻ (61) പിടിയിലായത്. പൊയിൽക്കാവ് നാലുസെന്റ് കോളനിയില്‍ സുധ (58) യാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം പ്രതി ഒളിവിൽപോയിരുന്നു. തുടർന്ന് ഇയാൾക്കായി അന്വേഷണം പുരോഗമിക്കുന്നതിനിടെ വൈകീട്ട് 6.30 ഓടെ ബെവ്കോ ഔട്ട്ലെറ്റിൽ വരി നിൽക്കുന്നതിനിടെയാണ് പിടിയിലായത്. പ്രതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പോലീസ് കുട്ടികൃഷ്ണനെ പിടികൂടിയത്. ഇയാള്‍ക്കായി രാവിലെ മുതല്‍ വിവിധയിടങ്ങളിലായി തിരച്ചിൽ നടത്തുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇയാള്‍ മദ്യപാനിയായിരുന്നതിനാല്‍ ബിവറേഡ് പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പിടികൂടുമ്പോള്‍ പുതിയ മുണ്ടും ടീഷര്‍ട്ടുമായായിരുന്നു വേഷം. നിലവില്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ച് ചോദ്യം ചെയ്ത് വരികയാണ്. ആക്രമണത്തിന്റെ പശ്ചാത്തലം ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ നാളെയോടെ ലഭ്യമായേക്കും.
ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന് സമീപത്തെ ഷെഡിൽ വെച്ച് ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഫോട്ടോ എടുക്കാൻ എത്തിയവരാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന സുധയെ ആദ്യം കണ്ടത്. മരംവെട്ടു തൊഴിലാളിയായ കുട്ടികൃഷ്ണൻ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഇവർക്ക് വിവാഹിതരായ രണ്ടു പെൺകുട്ടികളും വിദേശത്ത് ജോലി ചെയ്യുന്ന ഒരു മകനുമുണ്ട്.