വടകര: മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഓഫീസർ മരിച്ചു. വടകര ചോമ്പാല പോലീസ് സ്റ്റേഷനിലെ എഎസ്ഐ മടപ്പള്ളി കോളേജിന് സമീപം പുനത്തില്‍ ടി.പി പ്രശാന്ത് (53) ആണ് മരിച്ചത്. വെള്ളികുളങ്ങരയിലെ സഹോദരിയുടെ വീട്ടില്‍ പോയി തിരികെ മടപ്പള്ളിയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം. ദേശീയ പാതയുടെ പ്രവൃത്തി ഏറ്റെടുത്ത വഗാഡിന്റെ മണ്ണുമാന്തി യന്ത്രം പിറകോട്ട് എടുത്തപ്പോൾ പ്രശാന്തിന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ജൂണ്‍ 18 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ഓടെ ദേശീയപാതയില്‍ കേളുബസാറിനും മടപ്പള്ളിക്കും ഇടയിൽ വെച്ചായിരുന്നു അപകടം. ഉടന്‍ തന്നെ മാഹി ഗവ. ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരം 6.30 ഓടെയായിരുന്നു മരണം. ഇന്ന് ഉച്ചക്ക് 12 മണിക്ക് ചോമ്പാല്‍ പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം രണ്ടു മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
അച്ഛന്‍: പരേതനായ അച്യുതന്‍. അമ്മ: ലീല (റിട്ട.അറ്റന്‍ഡര്‍ മടപ്പള്ളി ഗവ.എച്ച് എസ്). ഭാര്യ: ഷീമ (പി.ആര്‍.ഒ ഗവ, ജില്ലാ ആശുപത്രി വടകര). മകന്‍: അനൂപ് പ്രശാന്ത് (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ആശാലത, ഹേമലത, സ്നേഹലത, രേഷ്മ.