കക്കോടി: കക്കോടിയിൽ ലഹരി ഉപയോഗിച്ച് നടുറോഡിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കക്കോടി കൂടുംത്തുംപൊയിൽ സ്വദേശികളായ വിഷ്ണു, അർജുൻ എന്നീവരെയാണ് എലത്തൂർ പോലീസ് പിടികൂടിയത്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച കുടുത്തുംപൊയിലായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതികൾ റോഡിൽ വടിവാൾ വീശി യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും പരിഭ്രാന്തി സൃഷ്ടിക്കുകയുമായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തട്ടിമറിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. ബൈക്കിലിരുന്ന് ഒരു സംഘടനയുടെ കൊടി വീശുന്നതും നാട്ടുകാർ പകർത്തിയ ദൃശ്യങ്ങളിൽ കാണാം. പിടികൂടുന്ന സമയത്ത് ഇവരിൽ നിന്ന് ചെറിയ അളവിൽ കഞ്ചാവ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
ലഹരിവസ്തു കൈവശം വെച്ചതിനും ഉപയോഗിച്ചതിനുമുള്ള വകുപ്പുകൾ പ്രകാരമാണ് യുവാക്കൾക്കെതിരെ കേസെടുത്തിട്ടുള്ളത്. മറ്റു പരാതികളൊന്നും ലഭിക്കാത്തതിനാലും, ചുമത്തിയ വകുപ്പുകൾ പ്രകാരവും പ്രതികൾക്ക് പിന്നീട് സ്റ്റേഷൻ ജാമ്യം അനുവദിച്ചു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 'ഓപ്പറേഷൻ തൂഫാൻ' പോലുള്ള കർശ്ശന പരിശോധനകൾ നടക്കുന്നതിനിടയിലാണ് ഈ സംഭവം.