കൊയിലാണ്ടി: കൊയിലാണ്ടി പൊയിൽകാവിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിനായി ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു പോലീസ്. പൊയീല്‍ക്കാവ് ബീച്ചില്‍ നാലുസെന്റ് കോളനിയില്‍ സുധ (58) നെയാണ് ഇന്ന് രാവിലെ വീടിനോട് ചേർന്നുള്ള ചായ്പ്പിൽ വെട്ടേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്ന് വാക്കത്തി കണ്ടെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവ് 'മരംമുറി കുട്ടികൃഷ്ണൻ' എന്ന് വിളിക്കുന്ന കുട്ടിക്കൃഷ്ണന് വേണ്ടിയാണ് കൊയിലാണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയത്. കൊലപാതകത്തിന് ശേഷം ഇയാൾ പ്രദേശത്തുനിന്ന് മുങ്ങുകയായിരുന്നു. ഇയാൾ പതിവായി പോകാറുള്ള കള്ളുഷാപ്പുകൾ, സുഹൃത്തുക്കളുടെ വീടുകൾ, മറ്റു ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ച് പോലീസും നാട്ടുകാരും സംയുക്തമായി തിരച്ചിൽ നടത്തുന്നുണ്ട്.
സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. മണം പിടിച്ച പോലീസ് നായ സംഭവസ്ഥലത്തു നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള വഴി വരെ ഓടി നിന്നു. പ്രതി ഈ വഴിയിലൂടെയാകാം രക്ഷപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫ്, വടകര ഡിവൈഎസ്പി കെ. സനിൽകുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സുനിൽകുമാർ എന്നിവർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.