തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള പ്ലസ്‌വൺ രണ്ടാം അലോട്ട്‌മെന്റ് നാളെ വൈകീട്ട് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ ചൊവ്വാഴ്ച വൈകീട്ട് 5 മണിവരെ അതാത് സ്‌കൂളുകളില്‍ പ്രവേശനം നേടാം. ആദ്യ അലോട്ട്‌മെന്റില്‍ 2,46,638 വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് ലഭിച്ചിരുന്നു. എന്നാൽ 2,20,465 പേര്‍ മാത്രമാണ് പ്രവേശനം നേടിയത്. ഉയര്‍ന്ന ഓപ്ഷനുകളിലേക്ക് സാധ്യത നിലനിര്‍ത്താനായി 96,721 വിദ്യാര്‍ത്ഥികള്‍ താല്‍ക്കാലിക പ്രവേശനമാണ് സ്വീകരിച്ചത്. അതേസമയം, ഫീസ് അടച്ച് സ്ഥിരപ്രവേശനം ഉറപ്പാക്കിയത് 1,23,744 പേരാണ്.
അലോട്ട്‌മെന്റ് ലഭിച്ചിട്ടും ദൂരം, ഫീസ് തുടങ്ങിയ പ്രശ്‌നങ്ങൾ കൊണ്ട് 24,978 വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ പ്രവേശനം നേടാനായില്ല. കൂടാതെ അപേക്ഷകളിലെ പിഴവുകള്‍ മൂലം 1,195 വിദ്യാര്‍ത്ഥികളുടെ അലോട്ട്‌മെന്റും റദ്ദാക്കി. ഇതുവഴി ഒഴിവായ 26,173 സീറ്റുകളാണ് രണ്ടാം അലോട്ട്‌മെന്റില്‍ വീണ്ടും പരിഗണിക്കുന്നത്. ആദ്യ അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള 71,264 സീറ്റുകളും റദ്ദായ സീറ്റുകളും ഉള്‍പ്പെടുത്തിയാണ് രണ്ടാം അലോട്ട്‌മെന്റ് തയ്യാറാക്കിയത്. നിലവില്‍ 97,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ സീറ്റ് ലഭിച്ചിട്ടില്ല. ഇവരെ രണ്ടും മൂന്നും അലോട്ട്‌മെന്റുകളിലൂടെ ഉള്‍പ്പെടുത്താനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്.
മൂന്നാം അലോട്ട്‌മെൻ്റ് പ്രവേശന നടപടികള്‍ ജൂണ്‍ 29, 30 തിയ്യതികളില്‍ നടക്കും. അതേസമയം, പട്ടിക ജാതി/വര്‍ഗ വികസന വകുപ്പുകളുടെ കീഴിലുള്ള എംആര്‍എസ് സ്‌കൂളുകളിലെ 1,318 സീറ്റുകളില്‍ 983 സീറ്റുകളിൽ ഇതുവരെ പ്രവേശനം പൂര്‍ത്തിയായി. വിഎച്ച്എസ്ഇ വിഭാഗത്തില്‍ ആദ്യ അലോട്ട്‌മെന്റില്‍ സീറ്റ് ലഭിച്ച 25,122 വിദ്യാര്‍ത്ഥികളില്‍ 13,813 പേര്‍ മാത്രമാണ് പ്രവേശനം നേടിയിട്ടുള്ളത്. പ്ലസ്‌വൺ ക്ലാസുകള്‍ ജൂലൈ 6 മുതല്‍ ആരംഭിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.