കണ്ണൂർ: കണ്ണൂർ പാനൂരിൽ അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. പോലീസ് കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ കണ്ണൂർ മനേക്കര സ്വദേശിയായ ശരണിനെ വീടിന് അടുത്തു വെച്ചാണ് പിടികൂടിയത്. ബസ് സ്റ്റാന്റിൽ വച്ച് പ്രതി മർദ്ദിച്ചതിന് പിന്നാലെയാണ് അധ്യാപിക ജീവനൊടുക്കിയത്.
അധ്യാപികയായ യുവതി ആത്മഹത്യ ചെയ്തതിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നേരെത്തെ രംഗത്ത് എത്തിയിരുന്നു. കുടുംബത്തിന്റെ പരാതിയിലാണ് ശരണിനെതിരെ പോലീസ് കേസെടുത്തത്. മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ അനിൽകുമാർ (28) കഴിഞ്ഞ 14നായിരുന്നു വീട്ടിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. കണ്ണൂർ സർവകലാശാലയിൽ ഗസ്റ്റ് അധ്യാപികയായിരുന്നു ആദിത്യ.
ആദിത്യയും യുവാവും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇവർ വിവാഹം കഴിക്കാൻ തീരുമാനിച്ചതുമായിരുന്നു. എന്നാൽ ഈ മാസം 8ന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വെച്ച് ഇയാൾ ആദിത്യയെ മർദ്ദിച്ചുവെന്നും അതിൽ മനം നൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് കുടുംബത്തിന്റെ പരാതി. കാമുകൻ ആദിത്യയെ മർദ്ദിച്ചിരുന്നതായും ദേഹത്ത് മർദ്ദനമേറ്റ പാടുകളുണ്ടെന്നും ആദിത്യയുടെ ബന്ധുവായ വിനോദ് പറഞ്ഞു.