തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. https://school.hscap.kerala.gov.in എന്ന വെബ് പോർട്ടൽ വഴി പരിശോധിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള സമയപരിധി കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിരുന്നു. ട്രയൽ അലോട്ട്‌മെന്റിന്റെ അവസരത്തിൽ വിദ്യാർത്ഥികൾക്ക് തെറ്റുകൾ തിരുത്താനും സ്കൂളും വിഷയവും മാറ്റുന്നതിനും അവസരമുണ്ട്. ജൂൺ 15നാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക.
മുഖ്യ അലോട്ട്‌മെന്റ് പ്രക്രിയയ്ക്ക് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തും. മുഖ്യഘട്ടത്തിൽ മൂന്ന് അലോട്ട്‌മെന്റുകളാണ് ഉണ്ടാകുക. ജൂലായ് 1ന് മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കും. ജൂലായ് 2 മുതൽ പ്ലസ്‌വൺ ക്ലാസുകൾ ആരംഭിക്കും. ജൂലായ് 13 മുതൽ ഓഗസ്റ്റ് 5 വരെ സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 5ന് തന്നെ പ്ലസ്‌വൺ പ്രവേശന നടപടികൾ അവസാനിപ്പിക്കും. സ്‌പോർട്സ് ക്വാട്ട പ്രവേശനത്തിന് ജൂൺ 10 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങും. 18നാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.