കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. നാദാപുരം വാണിമേൽ സ്വദേശി റീജിത്താണ് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരിച്ചത്. യൂറോളജി വിഭാഗത്തിലെ ഡോക്ടർ വേണുഗോപാലിന് എതിരെയാണ് കുടുംബത്തിൻ്റെ പരാതി. വൃക്കയിലെ കല്ലു നീക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച റീജിത്തിന് ആദ്യം സ്ഥാനം മാറി ശസ്ത്രക്രിയ നടത്തി. പിന്നീട് കുടുംബത്തിന്റെ അനുമതിയില്ലാതെ വീണ്ടും ശസ്ത്രക്രിയ നടത്തിയെന്നുമാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പോലീസിനും കുടുംബം പരാതി നൽകി.
കഴിഞ്ഞ 2025 ഓഗസ്റ്റിലാണ് വൃക്കയിലെ കല്ലു നീക്കം ചെയ്യാൻ റീജിത്തിനെ മെഡിക്കൽ കോളേജിൽ ആദ്യം പ്രവേശിപ്പിക്കുന്നത്. ഇടതുഭാഗത്താണ് കല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിനുപകരം വലതുഭാഗത്താണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ശസ്ത്രക്രിയയ്ക്ക് ശേഷം വേദനയും പഴുപ്പും കൂടി. ഇക്കാര്യം പറഞ്ഞപ്പോൾ പഴുപ്പെല്ലാം സാധാരണയാണെന്നായിരുന്നു ഡോക്ടർമാരുടെ പ്രതികരണം. തുടർന്ന് ആശുപത്രിയിൽ നിന്ന് വിട്ടയക്കുകയും ചെയ്തു. എന്നാൽ വേദനയും ശാരീരികാസ്വാസ്ഥ്യങ്ങളും വർദ്ധിച്ചതോടെ കഴിഞ്ഞ ഏപ്രിലിൽ വീണ്ടും മെഡിക്കൽ കോളേജിൽ എത്തി. തുടർന്ന് ഇടതുഭാഗത്ത് ശസ്ത്രക്രിയ നടത്തി. എന്നാൽ തങ്ങളുടെ അനുമതിയില്ലാതെയാണ് രണ്ടാമതും ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഈ ശസ്ത്രക്രിയയ്ക്ക് ശേഷവും ആരോഗ്യനില വഷളായി. ഇതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്നാണ് ചികിത്സാപ്പിഴവ് സംഭവിച്ചതായി പറഞ്ഞതെന്ന് കുടുംബം പ്രതികരിച്ചു.
സ്വകാര്യ ആശുപത്രിയിലെ ബിൽ തുക താങ്ങാനാവാതെ വന്നതോടെ വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഡോക്ടർമാർ പരിശോധിക്കുകയോ കൃത്യമായ മറുപടി നൽകുകയോ ചെയ്തില്ല. യൂറോളജി വിഭാഗത്തിലെ ഡോ. വേണുഗോപാലിനെ നേരിട്ടുകണ്ട് പൈസ നൽകിയാലേ അദ്ദേഹം പരിശോധിക്കുകയുള്ളൂവെന്ന് ചിലർ പറഞ്ഞു. ഇതേ തുടർന്ന് ഡോ. വേണുഗോപാലിന്റെ വീട്ടിൽ എത്തി 5000 രൂപ നൽകിയെന്നും ഇതിനു ശേഷമാണ് റീജിത്തിന് ചികിത്സ കിട്ടിയതെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ, ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണം സംഭവിക്കുകയായിരുന്നു. റീജിത്തിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലാണുള്ളത്. സംഭവത്തിൽ നടപടിയുണ്ടാകാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.