കോഴിക്കോട്: പള്‍സ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി ജില്ലയിലെ അഞ്ചു വയസിന് താഴെയുള്ള കുട്ടികൾക്ക് ജൂണ്‍ 28ന് പൾസ് പോളിയോ തുള്ളിമരുന്ന് നൽകും. അതിഥി തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള 1,260 കുട്ടികള്‍ ഉള്‍പ്പെടെ 1,89,345 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുന്നതെന്ന് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ ജില്ലാ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു.
ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, വായനശാലകള്‍ എന്നിവിടങ്ങളിലായി 2,187 ബൂത്തുകളും ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലായി 54 ട്രാന്‍സിറ്റ് ബൂത്തുകളും പ്രവർത്തിക്കും. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ക്യാമ്പുകള്‍, മറ്റു കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 27 മൊബൈല്‍ യൂണിറ്റുകൾ കേന്ദ്രീകരിച്ചും തുള്ളിമരുന്ന് വിതരണം നടത്തും.
രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. ട്രാന്‍സിറ്റ് ബൂത്തുകളില്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ തുള്ളിമരുന്ന് വിതരണം ചെയ്യും. ജൂണ്‍ 28ന് തുള്ളിമരുന്ന് സ്വീകരിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് 29, 30 തീയതികളില്‍ വീടുകളിൽ എത്തി തുള്ളിമരുന്ന് ലഭ്യമാക്കാനും സംവിധാനമൊരുക്കും.
യോഗത്തില്‍ എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി.വി പ്രകാശന്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. വി.പി രാജേഷ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ ഷാജി, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. നവ്യ ജെ. തൈക്കാട്ടില്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ഐഎംഎ/ഐഎപി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.