കൊച്ചി: താരസംഘടനയായ അമ്മയിൽ നാടകീയ രംഗങ്ങൾ. വാർഷിക ബോഡിയിലെ തർക്കത്തിന് പിന്നാലെ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി എല്ലാ ഭരണസമതി അംഗങ്ങളും രാജിവെച്ചു. തുടർന്ന് രമേഷ് പിഷാരടി അധ്യക്ഷനായ അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വന്നു. കെ.ബി ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ അടക്കമുള്ളവർ കമ്മിറ്റിയിലുണ്ട്. ഞായറാഴ്ച രാവിലെ ആരംഭിച്ച 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളുമാണ് അരങ്ങേറിയത്.
തർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണെന്ന് ശ്വേതാ മേനോൻ പ്രഖ്യാപിക്കുകയായിരുന്നു. യോഗത്തിനിടെ സ്റ്റേജിൽ കയറിയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. തനിക്ക് രാഷ്ട്രീയമില്ലെന്നും എന്നാൽ തന്നെ ബിജെപിയാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും കടുത്ത അമർഷത്തോടെ അവർ വെളിപ്പെടുത്തി. തുടർന്ന് സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടൻ ബാബുരാജ് അടക്കമുള്ള മുതിർന്ന അംഗങ്ങൾ ചേർന്ന് അനുനയിപ്പിക്കാനും തിരിച്ചു വിളിക്കാനും ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിന് പിന്നാലെയാണ് ഭരണസമിതി പിരിച്ചുവിട്ടത്.
ജന. സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് നടന്മാരായ സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കി. തുടർന്ന് വിഷയത്തെ കുറിച്ച് പഠിക്കാൻ 45 ദിവസത്തെ സമയം പ്രസിഡണ്ട് ശ്വേത മേനോൻ ചോദിച്ചിരുന്നു. തർക്കത്തെ തുടർന്ന് ഉച്ചയ്ക്ക് ശേഷവും റിപ്പോർട്ട് പാസാക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുന്നതിനിടെയാണ് ശ്വേത മേനോൻ രാജി പ്രഖ്യാപിച്ചത്.