Trending

കെഎസ്‍ആര്‍ടിസി സൗജന്യ യാത്ര; തൃശൂരിൽ ഉദ്ഘാടന യാത്രയിൽ തന്നെ പണം ഈടാക്കിയതായി പരാതി.


തൃശൂര്‍: കെഎസ്‍ആര്‍ടിസി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടന യാത്രയിൽ തന്നെ സ്ത്രീകളിൽ നിന്ന് പണം ഈടാക്കിയതായി പരാതി. തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്ക് പോയ ഓർഡിനറി ബസിലാണ് സൗജന്യ യാത്ര നിഷേധിച്ചത്. സിസ്റ്റം അപ്ഡേറ്റ് ആയില്ലെന്നായിരുന്നു കണ്ടക്ടറുടെ വിശദീകരണം. 

ഇന്ന് രാവിലെയാണ് തിരുവനന്തപുരം തമ്പാനൂര്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി വി.ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തത്. വനിതകള്‍ക്കൊപ്പം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും കെഎസ്ആർടിസി ബസില്‍ യാത്ര ചെയ്തു. ഉദ്ഘാടന പരിപാടി എൽഡിഎഫ് ബഹിഷ്കരിച്ചു.

ഇത് അഭിമാന നിമിഷമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിലേറി ഒരു മാസം തികയുന്നതിന് മുൻപ് വാക്കു പാലിക്കാൻ കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യമുണ്ട്. ‘പ്രിയദർശിനി’ പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.

ഇനി മുതൽ കെഎസ്ആര്‍ടിസിയുടെ 3125 ഓര്‍ഡിനറി ബസ്സുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും പ്രായഭേദമന്യേ സൗജന്യമാണ്. ബസ്സുകള്‍ തിരിച്ചറിയാനായി പ്രിയദര്‍ശിനി സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ട്. സൗജന്യ യാത്രയാണെങ്കിലും സീറോ ടിക്കറ്റ് നിർബന്ധമാണ്.

Post a Comment

Previous Post Next Post