താമരശ്ശേരി: താമരശ്ശേരി കാരാടിയിൽ സ്വകാര്യ ബസ് ഗുഡ്സ് ഓട്ടോയിൽ ഇടിച്ചു ഒരാൾക്ക് പരിക്ക്. ഗുഡ്സ് ഓട്ടോയിലെ ഡ്രൈവറായ നന്മണ്ട സ്വദേശി ബജേഷ് (48) നാണ് പരിക്കേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ബജേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെ കാരാടി കെഎസ്ആർടിസി ഡിപ്പോക്ക് മുന്നിൽ വെച്ചായിരുന്നു അപകടം. കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് ഓട്ടോയിൽ അതേ ദിശയിൽ വന്ന താമരശ്ശേരി- ഈങ്ങാപ്പുഴ റൂട്ടിൽ ഓടുന്ന ‘റോളക്സ്’ എന്ന ബസ്സാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ മറിഞ്ഞ ഗുഡ്‌സ് നിവർത്തി നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇടിച്ചശേഷം നിർത്താതെ പോയ ബസ് തിരച്ചിലിന് ഒടുവിൽ ഓടക്കുന്ന് പ്രവർത്തിക്കുന്ന ഐ.ഒ.സി പെട്രോൾ പമ്പിനോട് ചേർന്ന പറമ്പിൽ നിർത്തിയിട്ട നിലയിൽ പിന്നീട് കണ്ടെത്തി. ഇതേ ബസ്സിലെ കണ്ടക്ടറാണ് സംഭവസമയം ബസ് ഓടിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.