കോഴിക്കോട്: കോഴിക്കോട് 30 കോടിയുടെ കെട്ടിടം കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ 9.18 കോടിക്ക് ലേലം ചെയ്തത് ഹൈക്കോടതി റദ്ദാക്കി. ലേല വിൽപ്പനയുടെ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പുനർമൂല്യനിർണയം നടത്തി 6 മാസത്തിനകം വീണ്ടും ലേലം ചെയ്യാൻ ഹൈക്കോടതി നിർദ്ദേശിച്ചു. വായ്പ തുക കുടിശ്ശികയുടെ പേരിലാണ് 30 കോടിയുടെ കെട്ടിടം കെഎഫ്സി സ്വന്തം നിലയിൽ ഏറ്റെടുത്ത് 9.18 കോടിക്ക് ലേലം ചെയ്തത്.
കോഴിക്കോട് കസബ വില്ലേജിലെ പേൾ ഹിൽ ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സിന്റെ 16.21 ആർസ് ഈട് വസ്തു കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ലേലം ചെയ്ത നടപടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പ്രീത എ.കെ. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഇടപെടൽ.
ലേല വിൽപ്പനയിലെ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയ ആളുടെ വസ്തു വിൽക്കുമ്പോൾ മികച്ച വില ഉറപ്പാക്കാൻ 'ട്രസ്റ്റി' എന്ന നിലയിൽ പ്രവർത്തിക്കേണ്ട കെഎഫ്സി അതിൽ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. വസ്തു ലേലത്തിൽ പിടിച്ചവർക്ക് ആ വസ്തു വാങ്ങാൻ വേണ്ടി തന്നെ കെഎഫ്സി 5 കോടി രൂപ ലോൺ അനുവദിച്ചു. ഇത് കെഎഫ്സിയുടെ സ്വന്തം സർക്കുലർ വ്യവസ്ഥകൾക്ക് പോലും വിരുദ്ധമായാണ് ചെയ്തത്. ലേലം സ്ഥിരീകരണ കത്ത് ലഭിച്ചയാൾക്ക് മാത്രമേ ലോൺ നൽകാവൂ എന്ന വ്യവസ്ഥ ഇവിടെ ലംഘിക്കപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.