Trending

കഴുത്തില്‍ കത്തിവെച്ച് ഗൂഗിള്‍പേ വഴി 37,300 രൂപയും ഫോണും കൈക്കലാക്കി; പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്.


കോഴിക്കോട്: കഴുത്തില്‍ കത്തിവെച്ച് മൊബൈല്‍ ഫോണും ഗൂഗിൾ പേയിലെ പണവും കവര്‍ന്ന കേസിൽ യുവാവ് പിടിയിൽ. കൊടുവളളി പാലക്കുറ്റി സ്വദേശി നിസാമുദ്ദീൻ (28) ആണ് കോഴിക്കോട് കസബ പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ മെയ് 18ന് രാത്രി പാളയം ബസ് സ്റ്റാന്റിന് സമീപത്ത് വെച്ചാണ് ഒഡീഷ സ്വദേശിക്ക് നേരെ ആക്രമണമുണ്ടായത്.

അടിവാരത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന അതിഥി തൊഴിലാളിയായ യുവാവ്, കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങിയ ശേഷം മടങ്ങാനായി സ്റ്റാന്റിനടുത്തുള്ള മില്‍മ ബൂത്തിന് സമീപം ബസ് കാത്തു നില്‍ക്കുകയായിരുന്നു. ഈ സമയം ഇവിടെയെത്തിയ നിസാമുദ്ദീന്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കുകയും കത്തി കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. തുടർന്ന് യുവാവിന്റെ ഗൂഗിള്‍ പേയിൽ നിന്നും 37,300 രൂപ അയപ്പിച്ച ശേഷം നിസാമുദീൻ ഇവിടെ നിന്നും കടന്നു കളയുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അതിക്രമത്തിൽ ഭയന്നുപോയ അതിഥി തൊഴിലാളി അന്ന് തന്നെ നാട്ടിലേക്കു മടങ്ങി. 

പിന്നീട് മടങ്ങിയെത്തിയ ശേഷമാണ് കസബ പോലീസില്‍ പരാതി നല്‍കിയത്. സംഭവം നടന്ന പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും പണം അയച്ച അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചുമാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. പത്താം മൈലിലെ വീടിന് സമീപം പോലീസ് എത്തിയതോടെ നിസാമുദ്ദീന്‍ ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

Post a Comment

Previous Post Next Post